മാധവി
VIII
"ചേട്ടൻ്റ ഓഫീസിലുള്ളതാ...", അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തും വിധം ചേട്ടത്തി മാധവിയോട് പറഞ്ഞു. കൂടുതൽ ചോദിച്ച് ശല്യം ചെയ്യേണ്ടെന്ന് കരുതി മാധവി ഒന്നും മിണ്ടാതെ, തലയാട്ടി പല്ലു കാട്ടി ചിരിച്ചു. ചേട്ടൻ്റെ അന്താളിപ്പും, അത്ഭുതവും മാറിയിട്ടില്ലെന്ന് മനസ്സിലായ മാധവി ചേട്ടനെ തന്നെ നോക്കി നിന്നു. മുഖം തരാതെ ഒഴിഞ്ഞു നിൽക്കുന്ന ചേട്ടനെ ഒരിക്കൽ കൂടി ചേട്ടത്തി രക്ഷിച്ചു, "മാധവിയെ പറ്റി ചേട്ടൻ എപ്പോഴും പറയും.. "
"എപ്പോഴും..?", ഭംഗിവാക്കിലെ ആധികാരികതയെ മാധവി ചോദ്യം ചെയ്തു.
"പ.. പലപ്പോഴും... ", ഒരു ഇളിഭ്യ ചിരിയോടെ അവർ പറഞ്ഞു.," ഞാൻ ചായ എടുക്കാം.. ", ചേട്ടത്തി സ്വയരക്ഷയ്ക്കു പറഞ്ഞു.
"അച്ഛൻ...?"
വീടിൻ്റെ മൂലകളും, ചുമരുകളും പരതിയ ചേട്ടൻ്റെ കണ്ണുകൾ പെട്ടെന്ന് മാധവിയിലേയ്ക്ക് തിരിഞ്ഞു, അത് കഴിഞ്ഞ് അയാളുടെ ഭാര്യയിലേക്കും.
അടുക്കളയിലേയ്ക്ക് പോകാൻ ഒരുങ്ങിയ ചേട്ടത്തി പൊടുന്നനെ നിന്നു., "അച്ഛൻ... അച്ഛൻ്റെ കാര്യം ഒന്നും പറയാതിരിയ്ക്കാ ഭേദം, ഒന്നും ഓർമ്മയില്ല, അൽഷിമേഴ്സ് ആണ്. ചേട്ടനെ പോലും തിരിച്ചറിയുന്നില്ല.. ", ഒരു നെടുവീർപ്പോടെ അവർ പറഞ്ഞു. കുനിഞ്ഞിരുന്ന ചേട്ടൻ്റെ തല ദു:ഖ ഭാരത്താൽ ഒന്നൂടി കുനിഞ്ഞു.
ചേട്ടനെ ഒന്നുകൂടി നോക്കി മാധവി പറഞ്ഞു, "എനിക്കൊന്നു കാണണം.". ചേട്ടൻ്റെ മുഖം അപ്പോഴും ഉയർന്നിരുന്നില്ല, ചേട്ടത്തി അയാളെ ഒന്നു നോക്കി മറുപടി ഒന്നും ലഭിക്കാത്തതിനാൽ അവർ പറഞ്ഞു, "അകത്താ.. "
കഷ്ടതകളുടെ ബാല്യം പേറിയ മാധവിയുടെ ഓരോ ചുവടിലും വേദനയുടെയും, ദു:ഖത്തിൻ്റെയും അംശമുണ്ടായിരുന്നു. ചേട്ടത്തിയും, ചേട്ടനും അവളുടെ പിറകെ നടന്നു.
VIII
കുഞ്ഞയുടെ സാരിത്തുമ്പിൽ തൂങ്ങി കുഞ്ഞു മാധവി ആ വീട്ട് വാതിൽക്കൽ നിന്നു. പഞ്ചായത്ത് മെമ്പറും, അഞ്ചെട്ട് ആളുകളും നിന്ന് ഘോരഘോരം പറഞ്ഞിട്ടും പ്രഭാകരൻ്റെ മുഖത്ത് ഭയമോ അനുകമ്പയോ ഒന്നും കണ്ടില്ല. അവരുടെയൊപ്പമോ, അതിനുമുറക്കയോ കുരച്ച് കൊണ്ടിരുന്ന പട്ടിക്ക് ഒരു മുഴുത്ത എല്ലിൻ കഷണം ഇട്ട് കൊടുത്ത് പ്രഭാകരൻ പറഞ്ഞു, "പിറ്റ് ബുള്ളാ എനം, അവനു മേലേ ഏതവനേലും കുരച്ചാ, നോട്ടവും പാട്ടവും ഒന്നും ലവൻ കാണിക്കില്ല..", കൊമ്പൻ മീശ തടവി മെമ്പറെയും, ഊര് നിവാസികളിയെയും നോക്കി അയാൾ പറഞ്ഞു. മാധവി കുഞ്ഞയുടെ പിറകിലേക്ക് മാറി. ഭീഷണിയുടെ സ്വരം മനസിലാക്കിയെന്ന വിധം, അൽപ്പം പരുങ്ങലോടെ മെമ്പർ സംസാരിച്ചു തുടങ്ങി, "പിള്ള കൊച്ചാട്ടൻ ഇങ്ങനെ അമ്പിനും വില്ലിനും അടുക്കാണ്ടിരുന്നാൽ കാര്യം എങ്ങനാ? കൊച്ചങ്ങ് വളർന്നു വരുവാ..പിന്നെ സുധയുടെ കാര്യം അറിയാല്ലോ..", പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ അയാൾ സുധയെയും, കുഞ്ഞിനേയും നോക്കി. കനലെരിയുന്ന കണ്ണുമായി, സുധ പ്രഭാകരനെ നോക്കി, "ഞാൻ ഒടനെ ഒടുങ്ങുവായിരിക്കും, എന്നാൽ എന്റെ കൊച്ചിനെ ഇവിടെ ഏൽപ്പിക്കുന്നത്, എന്റെ ചേച്ചിയുടെ ഗതി വരുത്താനല്ല..നിങ്ങടെ ചോരയാ, ഇതിൽ..", മറഞ്ഞു നിന്ന മാധവിയെ മുന്നിലേക്ക് നിർത്തി സുധ പറഞ്ഞു. പ്രഭാകരൻ ഒന്നും മിണ്ടാതെ അകത്തേക്ക് നോക്കി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ പന്ത്രണ്ടു വയസുകാരൻ യദു, കടിച്ചു പാതിയായ ഒരു മൂവാണ്ടൻ മാങ്ങയുമായി, മുറ്റത്തേക്ക് നോക്കി നിൽക്കുവാണ്.. "ഇവരിവിടെ നിന്റെ തള്ളയുടെ പേറെടുക്കാൻ വന്നയല്ലാ..അകത്തോട്ട് കേറി പോടാ കൊച്ചു കഴുവേറി..", അയാൾ തന്റെ മകന് നേരെ കണ്ണുരുട്ടി. യദു മാങ്ങയുമുപേക്ഷിച്ചു പേടിച്ചകത്തേക്ക് പോയി. അയാളുടെ നോട്ടം മാധവിയിലേക്ക് തിരിഞ്ഞു. അവൾ പേടിച്ചു കുഞ്ഞയുടെ പിറകിലേക്ക് മാറി. അയാൾ ഒന്നും പറയാതെ അകത്തേക്ക് പോയി. അതൊരു തീരുമാനമാണെന്ന് മനസ്സിലാക്കി, മെമ്പറും കൂട്ടാളികളും പിരിയാനൊരുങ്ങി. കുഞ്ഞ, മാധവിയോടായി പറഞ്ഞു, "ഇത് മോൾടെ വീടാ..ഇവിടുള്ളതും ഉള്ളവരും നിന്റേതു കൂടിയാ..", അവളുടെ നെറുകയിലൊരു മുത്തവും നൽകി, അവർ അവിടുന്ന് പോയി.
രണ്ടാം ദിനം, കരിയിലകൾ തൂത്തു പറക്കി കൊണ്ടിരുന്ന വേളയിൽ, മാധവി അറിഞ്ഞു, തന്റെ കുഞ്ഞ മരിച്ചു പോയെന്ന്..ചൂളയിൽ തീ ആളി കത്തിയപ്പോൾ അവളുടെ തേങ്ങൽ, അലർച്ചയായി മാറി. അന്ന് അവൾ ഒന്നും കഴിച്ചില്ല, കരഞ്ഞു തളർന്നെപ്പോഴോ ഉറങ്ങിയ അവളെ, പ്രഭാകരന്റെ അലർച്ച എഴുന്നേൽപ്പിച്ചു.
തുടരും..
Comments
Post a Comment