അന്ന്, ഇന്ന്,നാളെ..

"മാറ്റത്തിൻ്റെ ഒപ്പമാണോ,മാറുന്നവരുടെ ഒപ്പമാണോ മാഷേ നമ്മൾ നിൽക്കേണ്ടത്?"
" ഈ ലോകം മാറുകയാണ്, ആ മാറ്റത്തിൻ്റെ ചടുലതയ്ക്കൊപ്പം നമുക്ക് നീങ്ങാൻ സാധിക്കാത്തതു കൊണ്ടാണ്, മാറ്റത്തിൻ്റെ ഒപ്പം നിൽക്കാതെ മാറുന്നവരുടെ ഒപ്പം നിൽക്കുന്നത് ", അയാൾ അവളുടെ ചോദ്യത്തിനുത്തരം നൽകി." ഇന്നു അധമമായി നാം കണക്കാക്കുന്ന പലതും ഇന്നലകളിലെ ശരികളായിരുന്നു..", അയാൾ തുടർന്നു, "കാലത്തിനനുസരിച്ചു നമ്മൾ പല ചിന്തകളും മാറ്റേണ്ടതുണ്ട്, എങ്കിൽ മാത്രമേ നാളത്തെ പുലരികളിലെ വെളിച്ചം വരും തലമുറയ്ക്ക് ആസ്വദിക്കാൻ പറ്റുകയുള്ളു..."
"എന്തു കൊണ്ടാണ് മാഷേ, അവർക്കന്നതൊക്കെ ശരിയായി തോന്നിയത്? ", അവൾ ചോദിച്ചു..., നിമിഷ നേരത്തെ മൗനം വെടിഞ്ഞു കൊണ്ടു അയാൾ പറഞ്ഞു, "മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്, മറ്റുള്ളവരെ തൃപ്തിപ്പെടുത്തി സ്വയം തൃപ്തനാകുന്ന ഏക ജീവിയും മനുഷ്യൻ തന്നെ.., ഭൂരിപക്ഷ ചിന്താഗതിയ്ക്കൊത്ത് ആടാനും അഭിപ്രായം പറയാനും ഇന്നും നമുക്ക് വ്യഗ്രതയുണ്ട്, മാറ്റത്തിൻ്റെ കാറ്റ് കൊടുങ്കാറ്റാകുമ്പോൾ മാത്രമേ നമ്മൾ ശരിയും തെറ്റും ചിന്തിക്കുകയുള്ളു, അതിൽ ഈശ്വരൻ, മതം എന്നിവ മുദ്ര കുത്തിയാൽ ആചാരങ്ങൾ നിയമങ്ങൾ പോലെ പാലിക്കപ്പെടും... അന്നും...ഇന്നും..."
'ഒരുപാടു മതങ്ങളും, ഈശ്വരന്മാരും നമുക്കുണ്ട്, ഈശ്വരൻ ഒന്നെന്ന് നമ്മളെ പറഞ്ഞു പഠിപ്പിക്കുന്നുണ്ടെങ്കിലും, ഈശ്വരൻ്റെ ഭാഷ സ്നേഹമാണെന്ന് ചുമരുകളിലും,പുസ്തകങ്ങളിലും എഴുതി വയ്ക്കുന്നെങ്കിലും മതത്തിൻ്റെ പേരിൽ നമ്മൾ അകന്നു നിൽക്കുന്നതും പോരടിക്കുന്നതുമെന്തിനാണ്?',അവൾ ചോദിച്ചു.,"ഒരു ശൂദ്രൻ ബുദ്ധമതത്തിലോ ക്രിസ്തുമതത്തിലോ ചേർന്നാൽ തീരാവുന്നതേയുള്ളു അവനിലെ തൊട്ടുകൂടായ്മ..ഓഷോയുടെ വാക്കുകൾ.., ജയിച്ചു കാണാൻ മാത്രം ആഗ്രഹിക്കുന്നവരാണ് നമ്മൾ, തൻ്റെ വാക്കിലെ ശരിയെ തെളിയിക്കാൻ ഏതറ്റം വരെയും പോകുന്നവരാണ് നമ്മൾ, താൻ മാത്രമാണ് ശരി, താൻ വിശ്വസിക്കുന്നതാണ് ശരി എന്ന അഹന്ത മറ്റുള്ളവരെ വെറുക്കാൻ കാരണമാകുന്നു.., ഒരു പക്ഷേ മതത്തിൻ്റെയോ, ജാതിയുടെയോ മേമ്പൊടിയില്ലായിരുന്നുവെങ്കിൽ, ഈശ്വരൻ ഭിന്നിച്ചു ഈശ്വരന്മാരായി മാറിയില്ലായിരുന്നെങ്കിൽ, നമുക്ക് വാഴ്ത്തി പാടാമായിരുന്നു ഈശ്വരൻ സ്നേഹമാണെന്ന്..", അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
"ഇപ്പോഴും മാറ്റമില്ലാത്ത ഒരു പാടു കാര്യങ്ങളില്ലേ?"
"ഉവ്വ്!,അവയൊക്കെയും വരും കാലങ്ങളിൽ മാറുമെന്ന് വിശ്വസിക്കാം.... ", അയാളുടെ മറുപടിയിൽ തൃപ്തയെന്ന വിധം അവൾ തലയാട്ടി., അവൾ ക്ലോക്കിലേക്ക് നോക്കി, "നേരം ഒരുപാടു വൈകി മാഷേ, ഇരുട്ടു വീഴുന്നതിനു മുന്നേ വീട്ടിലെത്തണം., ഇരുട്ടു പേടിയാണ്.., ഇരുട്ടിലെ മോഹങ്ങളെയും...", അവൾ അവിടെ നിന്നുമിറങ്ങി, അവൾ ദൂരെ മറയുന്നതു വരെ അയാൾ ആ കോലായിൽ നിന്നു..ചെങ്കനലെന്ന പോലെ സൂര്യൻ ആഴിയിലേക്ക് പതിക്കാൻ ഒരുങ്ങി, മാറ്റത്തിൻ്റെ ഒരു പുതു പുലരി നൽകാനാകുമെന്ന പ്രത്യാശയോടെ........

Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence