പറയാൻ മറന്ന പ്രണയം!
റോഡിൽ തിരക്കേറി തുടങ്ങിയിരുന്നു.. റോഡരികിലാണ് ദൈവം എന്ന വാചകം അന്വർത്ഥമാക്കുന്ന രീതിയിൽ സുരേഷ് പ്രാർത്ഥിക്കാൻ തുടങ്ങി.,''വിഘ്നേശ്വരാ...,ഗണനായകാ, ഭഗവാനേ.., കാത്തു രക്ഷിക്കണേ..." മൂന്നു തവണ ഏത്തവും, വഞ്ചിയിൽ അഞ്ചു രൂപ സമ്മർപ്പണവും കഴിഞ്ഞു സുരേഷ് തൻ്റെ പ്രാർത്ഥന അവസാനിപ്പിച്ചു. അയാൾ തിരിഞ്ഞ് നടക്കാൻ നേരം ഒരു കുട്ടി കൈ നീട്ടി, തെല്ലൊരരിശത്തോടെ അയാൾ അവനെ നോക്കി, കുട്ടികൾക്ക് ഭിക്ഷ നൽകരുതെന്ന് താൻ എവിടെയോ വായിച്ചതായി അയാൾ ഓർത്തു.., പക്ഷേ അവൻ്റെ ദയനീയ മുഖം അയാളിൽ നോവു പടർത്തി, അയാൾ ഒരു രൂപാ തുട്ട് അവൻ്റെ കൈയ്യിൽ വച്ചു കൊടുത്തു, നിനക്ക് സന്തോഷമായില്ലേ എന്ന രീതിയിൽ അവനെ നോക്കി പുഞ്ചിരിച്ചു, കൊടുത്ത കാശ് കുറഞ്ഞ പോയത് കൊണ്ടാണോ, അതോ വേറെയൊരാളെ കണ്ടതു കൊണ്ടോ, അവൻ നടന്നകന്നു, തിരിച്ചൊരു പുഞ്ചിരി പ്രതീക്ഷിച്ച അയാൾ നിരാശനായി... 'താനൊരു ധനികനായിരുന്നെങ്കിൽ ഇതു പോലെയുള്ള കുട്ടികളെ സംരക്ഷിക്കാമായിരുന്നു', അയാൾ ചിന്തിച്ചു. പണം കൈയ്യിൽ കിട്ടിയാൽ താൻ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റ് അയാൾ മനസ്സിൽ തയ്യാറാക്കി, അയാളുടെ ആലോചനകളെ തടസ്സപ്പെടുത്തികൊണ്ട് ഒരു ബസ് അയാളുടെ മുന്നിൽ വന്നു നിന്നു.. "കരിക്കോട്.,കടപ്പാക്കട.,ചിന്നക്കട.,കൊല്ലം.,ചവറ...", ബസ്സിലെ കണ്ടക്ടർ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു..ഒരു താളത്തിനെന്ന പോലെ അയാൾ ബസ്സിൽ ഇടയ്ക്കിടക്ക് അടിക്കുന്നുണ്ടായിരുന്നു. ബസ്സിൽ തിരക്കു കുറവായിരുന്നു, പിന്നിൽ നിന്നും മൂന്നാമത്തെ സീറ്റ് അയാൾ കൈയ്യടക്കി, ജനലിൻ്റെ അരികിലുള്ള സീറ്റ് അയാൾക്കേറെ പ്രിയങ്കരമായിരുന്നു.ജില്ലാ കോടതിയിലെ അഭിഭാഷകനായിരുന്ന അഡ്വ: ഹരികുമാറിൻ്റെ ഗുമസ്തനായിരുന്നു സുരേഷ്. 38 വയസ്സുണ്ടെങ്കിലും അവിവാഹിതനായിരുന്നു അയാൾ, പേരയത്തുള്ള ഇളയമ്മ കൊണ്ടുവന്ന പന്ത്രണ്ടാമത്തെ ആലോചനയും മുടങ്ങിയിരുന്നു,കുണ്ടറയിലുള്ളൊരു ലബോറട്ടറിയിലെ ജീവനക്കാരിയായിരുന്നു അവസാനം കണ്ട പെൺകുട്ടി, പെണ്ണുകാണൽ തികച്ചും ഔദ്യോഗികപരമായി വേണമെന്ന് ആശിച്ച സുരേഷ്, ലബോറട്ടറിയിൽ വച്ചായിരുന്നു പെണ്ണ് കണ്ടത്, കൂട്ടത്തിൽ രക്തം പരിശോധിക്കുകയും ചെയ്തു, സുരേഷിന് പ്രമേഹവും കൊഴുപ്പും കൂടുതലാണെന്ന് പറഞ്ഞ് പെൺകുട്ടി കല്യാണാലോചന ഒഴിവാക്കി. ഒറ്റപ്പെടൽ നന്നേ ആസ്വദിച്ചു വരുമ്പോഴാണ് പുതിയ ആലോചനയുമായി ഇളയമ്മയോ ബ്രോക്കർ ശങ്കരനോ ഇയാളെ സമീപിക്കുന്നത്, അവർ വീണ്ടും ആശയുടെ വിത്തുകൾ പാകും, എന്നാലതൊന്നുമൊട്ടു മുളച്ച് പൊന്താറുമില്ല. ജാതിയും കുടുംബ മഹിമയും നോക്കി മാത്രം ആലോചനകൾ നോക്കിയ സുരേഷിൻ്റെ അമ്മ, പതിയെ 'ശ്രീ നാരായണ ഗുരു'വിൻ്റെ ആദർശം പാലിക്കാൻ ബാധ്യസ്ഥയായി.
തൊട്ടുമുന്നിലെ സീറ്റിലുള്ള കോളേജ് കുട്ടികളുടെ കളിയും ചിരിയും അയാൾ നോക്കി, കമിതാക്കളായിരിക്കുമോ, അതോ സുഹൃത്തുക്കളോ, എന്തായാലും തൻ്റെ പഠന കാലത്തു തനിക്കു പെൺ സുഹൃത്തുക്കളൊന്നുമില്ലാത്തതിൽ അയാൾ നിരാശപ്പെട്ടു, താനൊരിക്കലും പ്രണയിച്ചിരുന്നില്ലയെന്ന് അയാൾക്കു തോന്നി, താൻ മാത്രമല്ല തൻ്റെ സുഹൃത്തും പ്രണയിച്ചിട്ടില്ല എന്ന് അയാൾ തീർച്ചപ്പെടുത്തി, താൻ മനസ്സിലാക്കിയതും, തന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയതും അവനായിരുന്നു, വീട്ടിലെ അല്ലലും കഷ്ടപ്പാടും മൂർഛിച്ചപ്പോൾ അവൻ ഗൾഫിലേക്ക് പോയി, അവൻ്റെ അഭാവം അയാളെ ശരിക്കും അലോസരപ്പെടുത്തിയിരുന്നു. വാനം മൂടിക്കെട്ടിയിരുന്നു, ദൂരെ അയാൾ ഒരു മഴവില്ല് കണ്ടു, അയാൾ അതു നോക്കി ആസ്വദിച്ചു, മനസ്സ് മറ്റു പല ചിന്തകളിലേയ്ക്ക് കൂടേറുന്നതിനു മുമ്പ് അയാളൊന്നു മയങ്ങി.മഴ ചാറലുകൾ മുഖത്തടിച്ചപ്പോഴാണ് അയാളുണർന്നത്, മഴവില്ല് മാഞ്ഞിരുന്നു, അയാൾക്കിറങ്ങാനുള്ള സ്ഥലം എത്താറായിരുന്നു. അയാളുടെ സാധനങ്ങൾ അയാൾ തപ്പി നോക്കി, ഫോണും, പേഴ്സും, ബാഗും എല്ലാം കൂടെയുണ്ടെന്ന് തീർച്ചപ്പെടുത്തി, അയാൾ എണീറ്റു.
ബാഗിനുള്ളിലെ കുട എടുക്കാൻ ബുദ്ധിമുട്ടാതെ അയാൾ ആ ചാറ്റൽ മഴ നനഞ്ഞു ഹരികുമാർ സാറിൻ്റെ ഓഫീസിൻ്റെ മുന്നിലെത്തി.ഓഫീസിൻ്റെ അകത്തു വേറെയൊരാളുമുണ്ടായിരുന്നു, ഹരി സാറിൻ്റെ ജൂനിയർ അഡ്വ: രഘുരാജനായിരുന്നു അത്, അകത്തേക്ക് അനുവാദം കൂടാതെ പ്രവേശിക്കാൻ തക്ക സ്വാതന്ത്ര്യം സുരേഷിനുണ്ടായിരുന്നെങ്കിലും, അയാൾ മര്യാദ പാലിച്ചു പുറത്തു തന്നെ നിന്നു, അകത്തു ചൂടു പിടിച്ച എന്തോ ചർച്ച നടക്കുകയായിരുന്നു, സുരേഷ് വന്നത് ഹരി കണ്ടിരുന്നു, അയാളെ അകത്തേക്ക് വിളിച്ചു ഒരു കേസ് ഫയൽ നോക്കിയെടുക്കാൻ ആവശ്യപ്പെട്ടു.സുരേഷ് ഫയൽ നോക്കിയെടുത്തപ്പോളേക്കും രഘു വക്കീൽ പോയിരുന്നു, ഹരി സാർ അസ്വസ്ഥനായിരിക്കുന്നത് കണ്ട സുരേഷ് കാര്യം ആരാഞ്ഞു.,"എന്തു പറ്റി സാർ?", സുരേഷ് ചോദിച്ചു
"ഹാ! ഒരു കൊലപാതക കേസ്, അതിലെ അക്യൂസ്ഡ് രഘുവിനെ സമീപിച്ചു, അവൻ എന്നെ റെഫർ ചെയ്തു..",ഹരി പറഞ്ഞു..
"കൊലപാതകമോ...?", സുരേഷ് ഒന്നുകൂടി എടുത്ത് ചോദിച്ചു..
"അതെ! അച്ഛൻ മകൻ്റെ കാമുകനെ കൊന്നു...", ഹരി പറഞ്ഞു..
"ഹ ഹ", സുരേഷ് അറിയാതെ പൊട്ടിച്ചിരിച്ചു, " മകൻ്റെ അല്ല സാറേ മകളുടെ..", സുരേഷ് ഹരിയെ തിരുത്താൻ ശ്രമിച്ചു.
" മകളുടെയല്ല, മകൻ്റെ... സ്വവർഗ രതി അഥവാ ഗേ...", ഹരി പറഞ്ഞു...
"ശ്ശേ! ഇതൊക്കെ എങ്ങനെ നടക്കുന്നു, വെറുതേയാണോ അയാൾ കൊന്നത്...",സുരേഷ് ന്യായീകരിക്കാൻ ശ്രമിച്ചു..
"നീ അയാളെ ന്യായീകരിക്കുകയാണോ?", ഹരി ചോദിച്ചു...
"കൊലപാതകത്തെ ന്യായീകരിക്കുന്നത് തെറ്റാണെന്നറിയാം, എങ്കിലും ഇതൊക്കെ മോശമല്ലേ സാറേ, ഇങ്ങനെയുള്ളവന്മാരെ എനിക്ക് അറപ്പാണ്, ഈ ലോകത്തിൻ്റെ ശാപമാണ് ഇവറ്റകൾ, ഒന്നുകിൽ ഇതു ചികിത്സിച്ചു മാറ്റണം, അല്ലെങ്കിൽ ഇവരെയൊക്കെ ഒറ്റപ്പെടുത്തണം. സ്വവർഗ രതി പാപമാണ്... ", സുരേഷ് ഈർഷയോടെ പറഞ്ഞു..., ഹരി കുറച്ചു നേരം മൗനിയായി നിന്നു. അല്പ നേരത്തെ മൗനം ഭഞ്ജിച്ചു കൊണ്ടു സുരേഷിനോടു ഹരി ചോദിച്ചു:"നിനക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ?"
സാർ ഇതെന്തു ചോദ്യമാണ് ചോദിക്കുന്നതെന്ന രീതിയിൽ അയാൾ മറുപടി പറഞ്ഞു: "തീർച്ചയായും, എന്നും രാവിലെ അമ്പലത്തിനു മുന്നിൽ തൊഴുതിട്ടാണ് ഞാൻ വരാറ്..... "
"നീ ശബരിമലയിൽ പോയിട്ടുണ്ടോ..?", ഹരി ചോദിച്ചു..
"എൻ്റെ 38 വർഷത്തിനിടയിലെ ജീവിതത്തിൽ ഏകദേശം 30 തവണയെങ്കിലും ഞാൻ മല ചവുട്ടിയിട്ടുണ്ട് ", സുരേഷ് അഭിമാനത്തോടെ പറഞ്ഞു.
"അപ്പോൾ നീ അയ്യപ്പനെ അത്ര മാത്രം വിശ്വസിക്കുന്നുണ്ടല്ലേ...?",ഹരി ചോദിച്ചു...
"ഉവ്വ് സാറേ!", സുരേഷ് മറുപടി പറഞ്ഞു.
"അയ്യപ്പൻ ആരുടെ പുത്രനാണ്....?", ഹരിയുടെ ചോദ്യം സുരേഷിനെ മൗനിയാക്കി.. "സ്വവർഗ രതി പാപമാണെങ്കിൽ നിൻ്റെ ദൈവം ആ പാപത്തിൻ്റെ വിത്താണ്....... ", ഹരി പറഞ്ഞതു കേട്ട് സുരേഷ് കണ്ണ് മിഴിച്ചു... "ഒന്നുകിൽ നീ നിൻ്റെ വിശ്വാസത്തെ മുറിക്കുക അല്ലെങ്കിൽ നിൻ്റെ ചിന്തകളെ ഉയർത്തുക....,രണ്ടാമത്തതാണ് ഈ ലോകത്തിന്..., ഈ തലമുറയ്ക്ക് ആവശ്യം....", ഹരി തുടർന്നു, "ഉഭയസമ്മത പ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിലെ 16-ാം അധ്യായം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത്, സ്വവർഗ രതി പാപമല്ലെന്ന് തെളിഞ്ഞതു കൊണ്ടാണ്, ചികിത്സിക്കപ്പെടേണ്ടത് അവരല്ല, ഇപ്പോഴും നേരം വെളുക്കാത്ത എല്ലാം തികഞ്ഞതെന്ന് കരുതുന്ന ആളുകളാണ്.....",ഹരി പറഞ്ഞു നിർത്തി..
സുരേഷ് മൗനിയായി നിന്നു, എതിർത്തു പറയാനോ, പക്ഷം ചേരാനോ അയാൾക്ക് തോന്നിയില്ല. മേശ പുറത്തു വച്ചിരുന്ന പേപ്പർ വെയ്റ്റിലെ ആ മഴവിൽ ഗോളങ്ങൾ അയാൾ നോക്കി നിന്നു, ഹരി ഫയലുകളിലേയ്ക്ക് തൻ്റെ ശ്രദ്ധ തിരിച്ചു, പക്ഷേ സുരേഷ്, ഇപ്പോഴും ഹരിയുടെ വാക്കുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഹരിയുടെ കസേരയ്ക്കരികിലായി സ്ഥാപിച്ചിരുന്ന കണ്ണാടി അലമാരയിൽ സുരേഷ് തൻ്റെ പ്രതിബിംബം നോക്കി നിന്നു, താനൊരിക്കലും പ്രണയിച്ചിരുന്നില്ല എന്ന തീർപ്പുകൽപ്പിക്കൽ തെറ്റാണെന്ന് അയാൾക്കു തോന്നി., ആ കണ്ണാടിയിലെ തൻ്റെ പ്രതിബിംബം ചിരിക്കുന്നതായി അയാൾ കണ്ടു,പ്രണയമെന്നത് ആരോടും തോന്നാവുന്ന ഒന്നാണെന്ന് മനസ്സിലായതുപോലെ...........
Comments
Post a Comment