മുക്തി

                            I
കണ്ണു തുറന്നു നോക്കിയപ്പോൾ അവൻ അമ്പരന്നു. താനേതോ വിചിത്ര ലോകത്തെത്തിയിരിക്കുന്നുവെന്ന് അവന് മനസ്സിലായി.അവൻ, തൻ്റെ വലതു കൈതണ്ടയിലേയ്ക്ക് നോക്കി, മുറിവുണങ്ങിയിരുന്നു. ആശ്ചര്യമോ,ആവലാതിയോ അവൻ ചുറ്റും കണ്ണോടിച്ചു, ഒരാൾ തൻ്റെ അടുക്കലേക്ക് വരുന്നത് അവൻ ശ്രദ്ധിച്ചു.തലമുണ്ഡനം ചെയ്ത്, താടി നീട്ടി വളർത്തി, വലതു കൈയ്യിൽ ഒരു പുസ്തകവും, ഇടതു കൈയ്യിൽ ഒരു തട്ടവുമായി അയാൾ വരുന്നത് അവൻ നോക്കി നിന്നു, അയാളുടെ കാലുകൾ ചലിക്കുന്നില്ലായിരുന്നു, പക്ഷേ അവർക്കിടയിലെ ദൂരം കുറഞ്ഞു വരുന്നുണ്ടായിരുന്നു, താൻ അയാളുടെ അടുത്തേക്കാണോ അതോ അയാൾ തൻ്റെ അടുത്തേക്കാണോ വരുന്നതെന്ന് അവന് സംശയമായി. കറുത്ത ജുബ്ബയും വെളുത്ത പാൻ്റുമായിരുന്നു അയാളുടെ വേഷം, വലതു കൈയിൽ അയാൾക്ക് ആറു വിരലുകളുണ്ടായിരുന്നു, അയാൾ അവനെ നോക്കി പുഞ്ചിരിച്ചു, അൽപ്പം സങ്കോചത്തോടെ അവനും ചിരിച്ചു. അയാൾ കൈയ്യിലുണ്ടായിരുന്ന പുസ്തകം അവനു നേരേ നീട്ടി, അവൻ അതു വാങ്ങി, തട്ടത്തിൽ നിറച്ചിരുന്ന വെള്ളം അവൻ്റെ ശരീരത്തിൽ തളിച്ചു, ബാക്കിയുള്ളത് കുടിക്കാൻ ആവശ്യപ്പെട്ടു, അവൻ അയാളുടെ നിർദ്ദേശങ്ങൾ അനുസരിച്ചു. അയാൾ തൻ്റെ ആറാം വിരൽ അവനു നേരേ നീട്ടി, യാന്ത്രികമായി അവൻ തൻ്റെ വലതു കൈയ്യിലെ വിരലുകളാൽ അയാളുടെ വിരലിനെ ആവരണം ചെയ്തു. 'നിങ്ങൾ ആരാണ്?' എന്ന് അവനു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവൻ മൗനം പാലിച്ചു.അവർ പതിയെ നീങ്ങി തുടങ്ങി, എത്തിച്ചേരണ്ട സ്ഥലത്തെ പറ്റിയുള്ള അവ്യക്തത ഒരു നിമിഷം അവനിൽ ഭീതിയുണർത്തി, പക്ഷേ പതിയെ അവൻ ആ യാത്ര ആസ്വദിച്ചു തുടങ്ങി, ആ വീഥിയിലെ പാതയോരങ്ങളിൽ വെളുത്ത നിറമുള്ള ചെടികളും കറുത്ത പൂക്കളും കണ്ട് അവൻ ആശ്ചര്യപ്പെട്ടു, എങ്ങും കറുപ്പും വെളുപ്പും മാത്രം, അവനമ്പരപ്പ് അടക്കാനായില്ല,
"കറുപ്പും വെളുപ്പും മാത്രമേ ഇവിടുള്ളോ?", അവൻ ഒടുവിൽ മൗനം ഭഞ്ജിച്ചു.
"ഏതാണോ നിങ്ങൾക്കിഷ്ടപ്പെട്ട നിറം അതായിരിക്കും നിങ്ങൾ ഇവിടെ കാണുക, ഞാനിവിടമെല്ലാം പച്ചയായിട്ടാണ് കാണുന്നത്...",മുഖം തിരിക്കാതെ,പുഞ്ചിരി മായ്ക്കാതെ അയാൾ പറഞ്ഞു.
"നിങ്ങളുടെ പേരെന്താണ്?", ഒന്നു പരിചയപ്പെട്ടാൽ നല്ലതായിരിക്കുമെന്ന ഭാവത്തിൽ അൽപ്പം വിനയത്തോടെ അവൻ ചോദിച്ചു.
" സുഗതൻ! ഈ ലോകത്തിൽ വരുന്നവരെ സ്വാഗതം ചെയ്യുന്നത് എൻ്റെ കർത്തവ്യമാണ്..", അയാൾ പറഞ്ഞു.
"നമ്മൾ എങ്ങോട്ടാണ് പോകുന്നത്?", ചുറ്റും കണ്ണോടിച്ചു കൊണ്ട് അവൻ തെല്ലൊരു ആകാംക്ഷയോടെ ചോദിച്ചു.
" സ്വഹത്യ നഗരം... ആത്മഹത്യ ചെയ്താളുകൾ താമസിക്കുന്ന നഗരമാണത്...", അയാൾ നിർഭാവത്തോടെ മൊഴിഞ്ഞു..
അവൻ നിർവികാരത്തോടെ മൂളി, "ആറു വിരലുകളുണ്ടല്ലോ?", അവനു ജിജ്ഞാസ കൂടി.
"നിങ്ങൾ ജീവലോകത്ത് ചെയ്ത പാപങ്ങൾ ഏറ്റുവാങ്ങാനാണ് എൻ്റെയീ ആറാം വിരൽ, എൻ്റെ വിരലിൽ സ്പർശിച്ച നേരം കൊണ്ടു നിങ്ങൾ പാപങ്ങളിൽ നിന്നും പൂർണ്ണ മുക്തനായി..", അയാൾ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.,"ആ കാണുന്ന കോട്ടയിലാണ് നിങ്ങളുടെ താമസം", ഒരു കോട്ട ചൂണ്ടി കാട്ടി അയാൾ പറഞ്ഞു, "അവിടെ,വാതിലിനടുത്തിരിക്കുന്ന ആളാണ് തുപ്പൻ, ആ നഗരത്തിൻ്റെ കാര്യക്കാരനാണ്, അദ്ദേഹത്തെയാണ് നമ്മളിപ്പോൾ കാണാൻ പോകുന്നത്.ആ കോട്ട വാതിലിൽ ചാരി നിൽക്കുന്നയാളാണ് ലവണൻ, അദ്ദേഹം ആ കോട്ടയുടെ കാവൽക്കാരനാണ്, ആ വാതിൽ നിങ്ങൾക്കായി തുറന്നു തരും, ഒരിക്കൽ തുറന്നു അകത്തു കയറിയാൽ പിന്നീടൊരു മടക്കയാത്രയില്ല..",അവസാന വാചകം അവനൊരു മുന്നറിയിപ്പായി തോന്നി.
അവർ ആ കോട്ടയുടെ മുന്നിലെത്തി.സുഗതൻ മുൻപ് നൽകിയ പുസ്തകം തിരികെ വാങ്ങി.അവർ തുപ്പൻ്റെ അടുക്കലേക്ക് ചെന്നു,സുഗതൻ പുസ്തകം തുപ്പന് കൈമാറി അവിടെ നിന്നും യാത്രയായി, തുപ്പൻ പുസ്തകം പരിശോധിച്ചിട്ട് മേശയുടെ മുകളിൽ തന്നെ വച്ചു.കറുത്ത് മെലിഞ്ഞ ആളായിരുന്നു തുപ്പൻ, തലമുടിയും താടിയും നീട്ടി വളർത്തിയിരുന്നു.
" പേര് - വൈശാഖ്, വയസ്സ്-25, ഉയരം - 172, തൂക്കം - 68, മരണകാരണം - കൈ തണ്ടയിലെ ഞരമ്പ് മുറിച്ച്... ശരിയല്ലേ?",അയാൾ മുഖമുയർത്തി ചോദിച്ചു., അവൻ അതെയെന്ന് മൂളി.
"ദാ..വലതു കൈ ഈ തട്ടത്തിലേക്ക് അമർത്തിയിട്ട് ആ പുസ്തകത്തിൻ്റെ ആദ്യ താളിൽ കൈ പതിപ്പിക്കുക..", ഒരു കറുത്ത ദ്രാവകം നിറച്ച തട്ടം ചൂണ്ടി കാണിച്ചു അയാൾ അവനോടായി പറഞ്ഞു, അയാളുടെ നിർദ്ദേശങ്ങൾ അവൻ അനുസരിച്ചു, 'എന്തായിരിക്കും ഈ പുസ്തകത്തിൽ', അവൻ്റെ മനസ്സിലുയർന്ന സംശയം അവൻ്റെ ചുണ്ടുകളേറ്റെടുത്തിരുന്നു...
''നിങ്ങളുടെ ജീവചരിത്രമാണിത്, നിങ്ങളുടെ സ്പർശനത്തിലൂടെ നിങ്ങൾക്കിഷ്ടമല്ലാത്തതും, വേദനിപ്പിക്കുന്നതുമായ കാര്യങ്ങൾ എല്ലാം മാഞ്ഞു പോയിട്ടുണ്ട്... ", നീണ്ടു വളർന്ന താടി രോമങ്ങളെ തഴുകി അയാൾ പറഞ്ഞു.
അമ്പരപ്പോ, സന്തോഷമോ, നിർവചിക്കാനാകാത്ത ഒരു വികാരം അവനനുഭവപ്പെട്ടു. അടഞ്ഞു കിടന്ന വാതിൽ തുറക്കാൻ തുപ്പൻ ആംഗ്യം കാണിച്ചു, ലവണൻ വാതിൽ തുറന്നു കൊടുത്തു. വൈശാഖിനോട് അകത്തേക്ക് കടക്കാൻ തുപ്പൻ ആദേശിച്ചു.ആ പഴയ ലോകത്തിലേയ്ക്ക് ഒരു മടക്ക യാത്ര ഇനിയില്ലെന്ന ബോധ്യത്തോടെ അവൻ അകത്തേക്കു നടന്നു, ആ വാതിൽ അടഞ്ഞിരുന്നു....



തുടരും......

Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence