മുക്തി

              
                               
                              II
ആ കോട്ട വാതിൽ ഒരു വലിയ ശബ്ദത്തോടെ അടഞ്ഞു. അവൻ തിരിഞ്ഞു നോക്കിയില്ല, തിരിഞ്ഞു നോക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾ എത്തിച്ചേരുന്ന ഒരു സ്ഥലമായിരുന്നില്ല അത്. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവൻ ഒരു വലിയ കണ്ണാടി കണ്ടു. അവൻ അതിന്നടുത്തേക്ക് നടന്നു, കണ്ണാടിയിൽ നോക്കിയ നിമിഷം അവനൊന്നു പിന്നോട്ടാഞ്ഞു, സംശയം ദൂരീകരിക്കാനെന്ന പോലെ അതിൽ വീണ്ടും അവൻ  ശ്രദ്ധയോടെ നോക്കി, അമ്പരപ്പോ, നിരാശയോ ആ നിമിഷത്തിലെ അവൻ്റെ മുഖഭാവത്തെ വർണ്ണിക്കുക കഠിനകരമാണ്. അവൻ കുറച്ചു നേരം കണ്ണാടിയിൽ നോക്കി നിന്നു, പൊടുന്നനെ ഒരു കൈ അവൻ്റെ ചുമലിൽ വീണു, ഒരു മധ്യവയസ്കൻ,ഏകദേശം അമ്പതു വയസ്സു പ്രായം തോന്നിക്കും, നരച്ച കുറ്റി രോമങ്ങൾ മുഖത്ത് അങ്ങിങ്ങായി വളർന്നു നിൽപ്പുണ്ട്, മുടി ചീകിയിരുന്നില്ല, കണ്ണിലെ തിളക്കം ലേശം മങ്ങിയിരുന്നു, കറുത്ത ഷർട്ടും വെളുത്ത മുണ്ടുമായിരുന്നു വേഷം. അയാൾ അവനെ നോക്കി പുഞ്ചിരിച്ചു, ബീഡിക്കറ അയാളുടെ ചുണ്ടുകളെ കറുപ്പിച്ചിരുന്നു, അതോ ചുണ്ടുകളും കറുപ്പായിട്ട് അനുഭവപ്പെട്ടതാണോ, സംശയം അവൻ ഉള്ളിലൊളിപ്പിച്ചു.
"എന്താണ് കണ്ണാടി നോക്കി നിൽക്കുന്നത്?", ഒരു പരിചിത ഭാവത്തിൽ അയാൾ ചോദിച്ചു.
"പണ്ടു കുട്ടിയായിരുന്നപ്പോൾ കണ്ണാടിയിലെ പ്രതിരൂപം കണ്ടു അമ്പരന്നിട്ടുണ്ട്, എന്നാലിപ്പോൾ പ്രതിരൂപത്തെ കാണാത്തതിനാലാണ് അമ്പരപ്പ്...", അവൻ മറുപടി പറഞ്ഞു,അവൻ്റെ നിരാശ കലർന്ന മറുപടി കേട്ട്, സമാധാനിപ്പിക്കാനെന്ന വിധം അയാൾ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു, ''ഇത് മുക്തി ദർപ്പണമാണ്, പുനർജന്മം സാധ്യമാകുന്ന സമയത്ത് മാത്രമേ, ഇതിൽ രൂപം പ്രതിഫലിക്കുകയുള്ളു, ഒന്നു കൂടി ജീവിക്കാൻ കൊതിക്കുന്നവർ ഈ ദർപ്പണത്തിനു മുന്നിൽ പ്രത്യക്ഷപ്പെടും, പ്രതിരൂപം കണ്ടവരെ തുപ്പൻ വിളിയ്ക്കും, കാണാത്തവർ തിരിച്ചു പോവുകയും ചെയ്യും.."
"നിങ്ങൾ വന്നു നോക്കാറുണ്ടോ?"
" എന്നും..., ഇപ്പോഴും....",അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു, അയാളുടെ മറുപടി അവനിലും ചിരിയുണർത്തി.
"തനിക്കിനി ഒന്നുകൂടി നോക്കണമെന്നുണ്ടോ?",അയാൾ ചോദിച്ചു.
"ഞാനൊരു കൗതുകത്തിനു വേണ്ടി നോക്കിയതായിരുന്നു , പുനർജന്മ കണ്ണാടി ഇനി നോക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്കിനിയും ജീവിക്കണമെന്നില്ല.. അത്രമേൽ വറ്റിയിരുന്നു എൻ്റെ കണ്ണുകളും ഹൃദയവും...",അവൻ മറുപടി പറഞ്ഞു. അയാൾ മൗനം പാലിച്ചു.
അവർ മുന്നോട്ട് നീങ്ങി, പോകുന്ന വഴിയെ അവർ സ്വയം പരിചയപ്പെട്ടു..
"എൻ്റെ പേര് അരവിന്ദൻ... നിങ്ങളുടെ?"
"വൈശാഖ്..."
"ചെറുപ്രായമായിരുന്നല്ലോ, ജീവിതം അത്രയ്ക്കും വിഷമമായിരുന്നോ...?",അയാളുടെ ചോദ്യത്തിൽ അൽപ്പം വാത്സല്യം കലർന്നിരുന്നു.
" ഉവ്വ്, അധികമൊന്നും ആലോചിച്ചില്ല, ആലോചിക്കാൻ തോന്നിയതുമില്ല ആ സമയത്ത്, ഒരു രക്ഷപ്പെടൽ മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു, മനസ്സിൽ തോന്നിയ ഏക വഴിയുമിതായിരുന്നു... ",അവൻ പറഞ്ഞു.
"പ്രേമ നൈരാശ്യമായിരുന്നോ?",അയാൾ ചോദിച്ചു.
" ഒരു പാട് കാരണങ്ങളിൽ ഒന്നതായിരുന്നു...",നിരാശ കലർന്ന ഒരു ചിരിയോടെ അവൻ പറഞ്ഞു.
"വിഷമങ്ങളിൽ നിന്നും കഷ്ടതകളിലും നിന്നും നമ്മൾ രക്ഷപ്പെട്ടു വന്നതല്ലേ ഇവിടെ, ഇനി വിഷമിക്കണ്ട കാര്യമില്ല...'',അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"നിങ്ങൾക്കെന്തായിരുന്നു സംഭവിച്ചത്..?",അവൻ അയാളോട് ചോദിച്ചു.
"ആശ കഴിച്ചു മരിക്കാനിരുന്നതായിരുന്നു ഞാൻ, ഓരോ നിമിഷത്തിലും പുതു ആശകൾ നിറയാൻ തുടങ്ങിയപ്പോൾ മനസ്സിലായി, അവസാനിക്കുന്നയിടത്തു നിന്നും പുതിയ ആശകൾ വളരുമെന്ന്, ആശ അവസാനിപ്പിക്കാൻ ഞാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ആത്മഹത്യ....", അയാൾ പറഞ്ഞു.
"ഇപ്പോൾ ആശകളെല്ലാം ശമിച്ചോ...?",അവൻ ചോദിച്ചു..
"ഇപ്പോൾ ജീവിക്കാനൊരാശ തോന്നുന്നു..",സ്വയം പൊട്ടിച്ചിരിച്ചു കൊണ്ടയാൾ പറഞ്ഞു, അയാൾ തുടർന്നു,"ശരിയാണ് വിഷമങ്ങൾ ഈ ലോകത്തിലില്ല....അതു പോലെ സന്തോഷങ്ങളും..", അയാളുടെ മറുപടി കേട്ട് അവനൊരു നിമിഷം നിന്നു,തൻ്റെ ഇരട്ടി ജീവിതാനുഭവങ്ങളുള്ള ഒരാളുടെ വാക്കുകൾ ഇനിയും നിരാകരിക്കുന്നതിൽ അർത്ഥമില്ലെന്ന് ബോധ്യം വന്നതു പോലെ... അവർ വീണ്ടും മുന്നോട്ട് നീങ്ങി, അറിയാനും അടയാളപ്പെടുത്താനും ഇനിയുമേറെ ശവങ്ങളുണ്ടെന്ന ബോധ്യത്തിൽ.



തുടരും.....

Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence