മുക്തി
III
"പുതിയ ആള് വന്നല്ലോ...", ഒരു പുരുഷ ശബ്ദമായിരുന്നില്ല അത്. ശബ്ദം കേട്ട ഭാഗത്തേക്ക് അവൻ കണ്ണോടിച്ചു. ഒരു പെൺകുട്ടി അവരുടെ അടുക്കലേക്ക് വരുന്നുണ്ടായിരുന്നു.
"ഹാ സുഹാന!", അരവിന്ദൻ പരിചയം കാണിച്ചു, അയാൾ തുടർന്നു, "ഇത് വൈശാഖ് ഞങ്ങളിപ്പോൾ സുഹൃത്തുക്കളായി....", വൈശാഖിനെ നോക്കി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു, അവനും ചിരിച്ചു കൊണ്ട് തലയാട്ടി, സുഹാന അവനെ നോക്കി പുഞ്ചിരിച്ചു. അവളുടെ ചുണ്ടുകളും കറുത്തിരുന്നു.. ഒരു സംശയം തീർന്നതിൻ്റെ സന്തോഷം പുഞ്ചിരിയാൽ അവൻ പ്രകടിപ്പിച്ചു. പക്ഷേ അവനെ അത്ഭുതപ്പെടുത്തിയത് സുഹാനയുടെ തലമുടിയായിരുന്നു.അത് നരച്ച് വെളുത്തിരുന്നു, ശബ്ദവും,രൂപവും ഒരുരിപത് വയസ്സ് കഴിഞ്ഞ പെൺകുട്ടിയെ പോലെയായിരുന്നെങ്കിലും, അവളുടെ തലമുടി അവൻ്റെയുള്ളിൽ അടുത്ത സംശയത്തിൻ്റെ വിത്ത് പാകി.
"സുഹാന...",സൗഹൃദത്തിൻ്റെ ആദ്യ ഘട്ടത്തിനു തുടക്കം കുറിച്ചു,കൈ നീട്ടി അവൾ പറഞ്ഞു.
"വൈശാഖ്.. ", അവൻ പൂർത്തിയാക്കി.
"ഈ സുഹാന ഒരു കവി കൂടിയാണ്", അവളെ നോക്കി അരവിന്ദൻ പറഞ്ഞു.
"കവയിത്രി...", അവൻ തിരുത്തി.
" ഹാ! രണ്ടുമൊന്നു തന്നെ, വ്യത്യാസമൊന്നുമില്ലല്ലോ...",അയാൾ അൽപ്പം ജളതയോടെ ചിരിച്ചു കൊണ്ടു പറഞ്ഞു.
"ജാള്യം വേണ്ട സോദരാ
അഭിമാനിക്കാം വേർതിരിവെന്ന
വ്യാധി മനസ്സിൽ പടരാത്തതിൽ ", സുഹാന കാവ്യാത്മകമായി അരവിന്ദനെ അഭിനന്ദിച്ചു.
കവിതയുടെ പൊരുൾ മനസ്സിലായതുകൊണ്ടോ, തിരുത്തൽ തിരിച്ചടിയായി ഏറ്റതു കൊണ്ടോ, അവൻ സുഹാനയെ നോക്കി നിന്നു.'ഇവർ എന്തിനായിരിക്കാം മരിച്ചത് ', അവൻ്റെയുള്ളിൽ അടുത്ത സംശയം എരിഞ്ഞു തുടങ്ങി.
"ഒരു സംശയം മനസ്സിൽ നിഴലിക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ... എന്താണത്?",അവൻ്റെ മനസ്സ് വായിച്ചറിഞ്ഞതു പോലെ അവൾ അവനോടു ചോദിച്ചു.
ഒരു ഞെട്ടലായിരുന്നു അവൻ്റെ ആദ്യ പ്രതികരണം."എനിക്ക് രണ്ടു സംശയങ്ങളുണ്ട്.... ", അവൻ പറഞ്ഞു, "ചോദിക്കുന്നത് തെറ്റായിരിക്കാം, എങ്കിലും സംശയം ക്ലിയർ ചെയ്യാൻ ചോദിക്കുകയാണ്.. എന്തു കൊണ്ടാണ് നിങ്ങൾ ഇങ്ങനൊരു തീരുമാനമെടുത്തത്...?", അവൻ തൻ്റെ സന്ദേഹം ദ്യോതിപ്പിച്ചു.
"തീരുമാനം...?", ചോദ്യത്തിലെ അവ്യക്തത അവൾ ചൂണ്ടി കാട്ടി.
"ആത്മഹത്യ.. ", അവൻ വ്യക്തമാക്കി.
അൽപ്പ നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു, "എനിക്കുണ്ടായിരുന്നതും നിങ്ങൾക്കില്ലാത്തതും ഒന്നു തന്നെ- വിലക്കുകൾ..., ഒഴുകാൻ അവസരം തന്നു, അവർ കെട്ടിയ വഴികളിലൂടെ, പറക്കാൻ അവസരം തന്നു, അറ്റം കെട്ടിയ ചരട് കൈക്കലാക്കി കൊണ്ട്, ഒഴുകാനും പറക്കാനും മനസ്സ് കൊതിച്ചപ്പോൾ, ജീവൻ അടർത്താൻ തീരുമാനിച്ചു, വഴങ്ങി മടുത്ത ആ ശരീരത്തിൽ നിന്നും", അവൾ ഒരു വിജയച്ചിരിയോടെ പറഞ്ഞു.
"കല്യാണം കഴിഞ്ഞായിരുന്നോ?", അവൻ ചോദിച്ചു.
"ഉവ്വ്, പ്രണയ വിവാഹമായിരുന്നു..", അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കുന്നത് ഒരു ഭാഗ്യമാണ്.. ", അവൻ നിരാശയോടെ പറഞ്ഞു.
അരവിന്ദൻ അവൻ്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു., അവൻ തുടർന്നു, "ആഗ്രഹിച്ചതൊക്കെ കിട്ടിയായിരുന്നല്ലോ, എന്നിട്ടും എന്തിനാ...? അതിരു വിട്ട് ഒഴുകാനും, പറക്കാനും സമ്മതിക്കാത്തത് കരുതലിൻ്റെ,സ്നേഹത്തിൻ്റെ ലക്ഷണമാണ്..",സ്ഥിരാക്ഷരപ്പതിപ്പായ ഒരുവനെ പോലെ അവൻ പറഞ്ഞു.
" എല്ലാ ആണുങ്ങളും ഒരേ പോലാണല്ലേ...?", ഒരു പരിഹാസച്ചിരിയോടെ അവൾ ചോദിച്ചു.
അവളുടെ പരിഹാസത്തോടെയുള്ള വർഗ്ഗീകരണം അവനിലെ പുരുഷത്തത്തെ ചൊടിപ്പിച്ചു, പക്ഷേ അവൻ്റെ ഭിന്നത അവൻ പ്രകടിപ്പിച്ചില്ല.
അവൻ്റെ രോഷം മനസ്സിലാക്കിയെന്ന വിധം അവൾ മിസ്റ്റിക്കായി ഒന്നു ചിരിച്ചു, "കൂട്ടിലടച്ച കിളിയും, കല്യാണം കഴിഞ്ഞ പെണ്ണും ഒരു പോലെയാണ്.... രണ്ടു പേരുടെയും സ്വാതന്ത്ര്യം അവരുടെ ഉടമസ്ഥതരുടെ ഔദാര്യമാണ്..",അവൾ പറഞ്ഞു.
അവളുടെ വാക്കുകൾ അവനെ അത്ഭുതപ്പെടുത്തി, അവൻ മൗനിയായി നിന്നു., അവൾ തുടർന്നു, "നിങ്ങൾ പറഞ്ഞതുപോലെ ആദ്യം ഞാനത് സ്നേഹമാണെന്നു ധരിച്ചു, പിന്നീടത് ആവലാധിയായി തോന്നി, പിന്നെ അത് സംശയമെന്ന് കരുതി, അടിച്ചമർത്തലാണെന്ന് ബോധ്യപ്പെട്ടപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു,അതിനു സാധിച്ചില്ല,ചട്ട കൂടുകൾ പല താഴിനാൽ ബന്ധിച്ചിരുന്നു, മതവും, സ്ത്രീയെന്ന ധാരണയും അതിലെ താഴുകളായിരുന്നു."
"ഒഴിഞ്ഞു മാറാൻ സാധിച്ചിരുന്നെങ്കിൽ ഈ ലോകം നിനക്കന്യമായി നിന്നേനേ...", അരവിന്ദൻ അവളെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.
അവൻ ഒരു നിമിഷം തൻ്റെ ജീവിതം ഓർത്തെടുക്കാൻ നോക്കി, അവനു സാധിച്ചില്ല, "തനിക്കിഷ്ടപ്പെടാത്തതെല്ലാം നഷ്ടമാകും", തുപ്പൻ്റെ വാക്കുകൾ അവൻ ഓർത്തു.
"സംശയം തീർന്നോ?", അവൻ്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് അവൾ ചോദിച്ചു.
അവൻ ഉവ്വെന്ന് മൂളി.
"രണ്ടാമത്തെ സംശയം...?", അവൾ ചോദിച്ചു.
അതിൻ്റെയുത്തരം തനിക്ക് കിട്ടിയെന്ന് അവൻ പറഞ്ഞു. 'മറയ്ക്കപ്പെട്ടതൊക്കെയും ഇപ്പോൾ വെളിച്ചം കണ്ടു, അവളുടെ തലമുടി വെളുത്തത് ,ചിന്തകളെയും ആഗ്രഹങ്ങളെയും പോലെ അവളുടെ മുടിയും മറച്ചതുകൊണ്ടാകാം', അവൻ മനസ്സിൽ കരുതി. പക്ഷേ അവൻ്റെയുള്ളിൽ വേറൊരു ആഗ്രഹം മുള പൊട്ടി, "എൻ്റെ ജീവിതകഥ എനിക്ക് കാണണം...", അവൻ അവരോടായി പറഞ്ഞു.അവർ മൂന്നു പേരും പുസ്തകശാലയിലേയ്ക്ക് നീങ്ങി, മറന്ന് പോയ ഏടുകളെ അറിയാൻ സാധിക്കുമെന്ന വിശ്വാസത്തിൽ...
തുടരും..........
Comments
Post a Comment