മുക്തി


                            IV
അവർ മൂന്നു പേരും പുസ്തക ശാലയുടെ മുന്നിലെത്തി.ശാലയുടെ മുന്നിൽ കറുത്തു, തടിച്ച ഒരു മനുഷ്യൻ ഇരിപ്പുണ്ടായിരുന്നു, അയാളുടെ വേഷവും കറുപ്പായിരുന്നു, നിഴൽ ഒരു രൂപത്തെ ആവാഹിച്ചതു പോലെ അയാൾ ആ വെളിച്ചത്തിനു വിപരീതമായി ഇരുന്നു.
"വിജയാ...", അരവിന്ദൻ അയാളെ വിളിച്ചു.
"ഹാ! അരവിന്ദാ.. ", അയാൾ മുഖമുയർത്തി.
"ഇത് വൈശാഖ്... പുതിയ ആളാണ്", വൈശാഖിനെ ചൂണ്ടി അരവിന്ദൻ അയാളോടു പറഞ്ഞു.
അയാൾ അവനെ നോക്കി പുഞ്ചിരിച്ചു.അവൻ്റെ ശ്രദ്ധ അയാളുടെ പിരിച്ചു കയറ്റിയ മീശയിലായിരുന്നു, 'ജീവലോകത്ത്, ഒരു പക്ഷേ ആ കൊമ്പൻ മീശ അയാളെ അടയാളപ്പെടുത്തിയിരിക്കണം', അവൻ മനസ്സിൽ കരുതി.
"ഇദ്ദേഹത്തിനു ജീവിത കഥ കാണണമെന്നുണ്ട്, അതാണിങ്ങോട്ടു വന്നത്...",സുഹാന വളച്ചു കെട്ടാതെ കാര്യത്തിലേയ്ക്കു കടന്നു.
"ഹം.. ", ഒരു പുരുഷ സ്വരത്തിൽ ആ കൊമ്പൻ മീശ തടവി, അയാൾ മൂളി., "വരൂ.... ", അയാൾ പറഞ്ഞു. അവർ അയാളെ പിന്തുടർന്നു. അപ്പോഴായിരുന്നു, അവനത് ശ്രദ്ധിച്ചത്, അയാളുടെ ഉളളം കൈ കറുത്തിരുന്നു, അവൻ പെട്ടെന്ന് അവൻ്റെ കൈയ്യിലേയ്ക്ക് നോക്കി, അതും കറുത്തിരുന്നു... തുപ്പൻ്റെ സന്നിധിയിൽ വച്ച് തൻ്റെ ജീവിത പുസ്തകത്തിൽ കൈ പതിപ്പിക്കാനായി ഒരു കറുത്ത ദ്രാവകത്തിൽ കൈ വച്ചത് അവൻ ഓർത്തെടുത്തു, അതായിരിക്കാം കൈപ്പത്തി കറുത്തത്, അവൻ കരുതി..., എന്നാൽ അരവിന്ദൻ്റെയും സുഹാനയുടെയും കൈത്തടത്തിനു അങ്ങനൊരു നിറമാറ്റം കാണാനില്ലായിരുന്നു. അവൻ ആ കറുപ്പ് മാറ്റാൻ കൈകൾ തമ്മിൽ ഉരസാൻ ശ്രമിച്ചപ്പോളായിരുന്നു അവൻ്റെ ഇടത്തേ കരതലവും കറുത്തിരിക്കുന്നതായി ശ്രദ്ധിച്ചത്, 'തങ്ങളുടെ മാത്രമെന്തായിരിക്കാം കറുത്തത്?', അവൻ്റെയുള്ളിൽ ഒരു സംശയം കൂടി കത്തി തുടങ്ങി.
വിജയൻ അവരെ ഒരു ക്യാബിനിലേയ്ക്ക് ആനയിച്ചു. "ഇവിടെ നിൽക്കുക, പേരും വിവരവും പറയുക, ഞാൻ അകത്തേക്കു പോയി പുസ്തകം എടുത്തു തരാം.. ", അയാൾ നിർദ്ദേശിച്ചു.വൈശാഖ് അയാളുടെ നിർദ്ദേശാനുസരണം പേരും വിവരങ്ങളും പറഞ്ഞു കൊടുത്തു. അയാൾ അകത്തേയ്ക്കു കടന്നു.,അയാൾ മറഞ്ഞുവെന്ന് ബോധ്യമായപ്പോൾ അവൻ അയാളുടെ വിവരങ്ങൾ അവരോടു ആരാഞ്ഞു.
"അയാൾ ഒരു പോലീസുകാരനായിരുന്നു, എന്താണ് മരണ കാരണമെന്നെനിക്കറിയില്ല, ഞാൻ ചോദിച്ചിട്ടുമില്ല..", അരവിന്ദൻ തനിക്കാകെ അറിയാവുന്ന വിവരം അവരോടു പങ്കുവച്ചു. വൈശാഖ് അധികമൊന്നും ചോദിക്കാൻ നിന്നില്ല, അവൻ്റെ ശ്രദ്ധ വീണ്ടും ജീവിത പുസ്തകത്തിലേയ്ക്കു തിരിഞ്ഞു. കുറച്ചു സമയം കഴിഞ്ഞു അയാൾ അവൻ്റെ പുസ്തകവുമായി വന്നു, അവനെ ആ ക്യാബിനിനടുത്തേക്കുള്ള മുറിയിലേയ്ക്കു കൊണ്ടുപോയി, "ഒരാൾക്കു മാത്രമേ അകത്തേയ്ക്ക് കടക്കാൻ അനുവാദം ഉള്ളു... ", വിജയൻ, ശാലയിലെ നിയമം പറഞ്ഞു കൊടുത്തു. അവർ അതനുസരിച്ചു.വൈശാഖ് പുസ്തകവുമായി അകത്തു കടന്നു. അവൻ്റെ വരവും കാത്ത് അവർ മുറിയ്ക്കരികിൽ സ്ഥാപിച്ചിരുന്ന കസേരകളിലിരുന്നു.
വൈശാഖ് ജീവിത പുസ്തകത്തിൻ്റെ താളുകൾ ശ്രദ്ധയോടെ വീക്ഷിച്ചു, താൻ ജനിച്ചതു മുതലുള്ള കാര്യങ്ങൾ അവൻ്റെ കൺമുന്നിൽ പ്രത്യക്ഷപ്പെട്ടു. മാഞ്ഞു പോകുമെന്നു കരുതിയ പല കാര്യങ്ങളും അവനതിൽ കാണാൻ സാധിച്ചു, തന്നെ വേദനിപ്പിച്ച പല കാര്യങ്ങളും അവൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു, നിറത്തിൻ്റെയും ജാതിയുടെയും പേരിൽ താൻ അനുഭവിച്ച അവഗണനകളും കഷ്ടപ്പാടുകളും, ഒരു മാലയിലെ മുത്തുകൾ കോർത്തിണക്കിയത് പോലെ അവൻ കണ്ടു, 'തനിക്കിഷ്ടപ്പെടാത്തതൊക്കെയും മാഞ്ഞു പോകുമെന്ന് അയാൾ പറഞ്ഞത് എന്ത് അർത്ഥത്തിലാണ്', അവൻ ചിന്തിച്ചു. അവസാന താളുകളിലേയ്ക്ക് എത്തിയപ്പോൾ അവനെന്തക്കയോ സംശയങ്ങൾ തോന്നി തുടങ്ങി, ചില സംഭവങ്ങൾ ക്രോഡീകരിച്ചതിൽ ഒരു അപാകത അവനനുഭവപ്പെട്ടു, ഒടുവിൽ അവനു മനസ്സിലായി തൻ്റെ മരണകാരണം ഇതൊന്നുമല്ലെന്ന്, തൻ്റെ ഉള്ളം കൈയ്യിലെ കറുപ്പിനു തൻ്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നവൻ ആകുലപ്പെട്ടു, തേടി വന്ന കാര്യം നടക്കാതെ പോയതിൻ്റ നിരാശ അവൻ്റെ ശരീര ഭാഷയിൽ നിഴലിച്ചു, അവൻ പുസ്തകം വിജയനു കൈമാറി.
"എന്തായി..?", അരവിന്ദൻ അവനോടു ചോദിച്ചു.
"പ്രണയ നൈരാശ്യവും, പുലയനെന്നും കറുത്തവനെന്നുമുള്ള അവഗണനയ്ക്കുമപ്പുറം എന്തോ ഉണ്ടെന്ന് എനിക്കുറപ്പായിരുന്നു, പക്ഷേ അതെന്താണെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല.... ഞാൻ തേടി വന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടിയില്ലെങ്കിലും മറ്റു പല കാര്യങ്ങളുമെനിക്ക് മനസ്സിലായി, ഞാൻ വേദനിച്ചതും, എന്നെ വേദനിപ്പിച്ചതുമായ കാര്യങ്ങളെ ഞാൻ വെറുത്തിരുന്നില്ലയെന്നുള്ള സത്യം...", അവൻ പറഞ്ഞു.
ഇനിയെന്തെന്നുള്ള ചോദ്യത്തിനു അവർക്കുത്തരമില്ലായിരുന്നു. അവർ പുസ്തകശാലയിൽ നിന്നുമിറങ്ങി, വിജയൻ തൽ സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരുന്നു, 'ഉളളം കൈ കറുത്തതെന്തെന്നതിനുള്ള ഉത്തരം  ഇയാൾക്കറിയായിരിക്കുമോ?', അവൻ്റെയുള്ളിൽ ഒരു സംശയം കൂടി കൂടു കൂട്ടി. 'തനിക്കിഷ്ടപ്പെട്ട നിറം മാത്രമേ കാണാൻ പറ്റുകയുള്ളു..', സുഗതൻ്റെ വാക്കുകൾ അവൻ ഓർത്തു, ' ഒരു പക്ഷേ ഈ കറുപ്പ് എനിക്കു മാത്രമേ അനുഭവപ്പെടുന്നുള്ളായിരിക്കും', അവൻ സ്വയം പറഞ്ഞു സമാധാനിച്ചു.പെട്ടെന്ന് അവൻ്റെ ബോധ മണ്ഡലത്തിൽ ഒരു തീപ്പൊരി ചിതറി, ' നിങ്ങൾ ചെയ്ത പാപങ്ങളെ ഞാൻ എൻ്റെയീ ആറാം വിരലിൽ ആകീകരണം ചെയ്തു', സുഗതൻ്റെ വാക്കുകൾ...
" സുഗതൻ....!", അവൻ്റെ ചുണ്ടുകൾ മന്ത്രിച്ചു.
"എന്താ?", സുഹാന ചോദിച്ചു.
"എൻ്റെ മരണം, ഞാൻ ചെയ്ത പാപത്തിൻ്റെ ഫലമാണ്, അതാണ് ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത കാര്യവും... സുഗതൻ്റെ ആറാം വിരലിൽ ചേർന്ന ഞാൻ ചെയ്ത പാപമെന്താണെന്നെനിക്കറിയണം...", അവൻ്റെ ശബ്ദത്തിൽ നിശ്ചയ ദാർഢ്യത്തിൻ്റെ കണം അലിഞ്ഞിരുന്നു. അവൻ സുഗതനെ കാണാൻ തീരുമാനിച്ചു.


" ഒരിക്കൽ തുറന്നു അകത്തു കയറിയാൽ പിന്നീടൊരു മടക്കയാത്രയില്ല", സുഗതൻ്റെ മുന്നറിയിപ്പ് ഒരു നിമിഷത്തേക്ക് അവൻ മറന്നിരുന്നു.




തുടരും

Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence