വിപ്ലവം!

"എന്താ അവടെ ഒരു ബഹളം..?", ചുണ്ടിൽ വച്ചിരുന്ന ബീഡി തറയിൽ ചവുട്ടി കെടുത്തികൊണ്ടു പൊടിക്കണ്ണൻ ചോദിച്ചു.. "ങാ! ആ പാരായണം രവി വന്നിട്ടുണ്ട്... അതാ...!", അൽപ്പ നേരം ശബ്ദത്തിനു കാതോർത്തു നിന്നിട്ടു ബാബു പറഞ്ഞു... "ഏതു... ആ പ്രാന്തൻ രവിയാ...?", പൊടിക്കണ്ണൻ ഒരു കണ്ണടച്ചു മൂക്കൊന്നു വിസ്തരിച്ചു സ്വൽപ്പം പൊടി തിരുകി കൊണ്ടു ചോദിച്ചു... "അതന്നെ... ",ക്ഷൗരം ചെയ്യാത്ത മുഖം തടവിക്കൊണ്ട് ബാബു പറഞ്ഞു... "എന്തോരം വിവരമുള്ള മനുഷ്യനാർന്നു..., ഇപ്പോ കണ്ടില്ലേ അവ.... ", പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ പൊടിക്കണ്ണൻ ഒന്നു ആഞ്ഞു തുമ്മി..." ഹോ! എന്തു തുമ്മലാന്നേ... ആ മൂക്ക് പറിഞ്ഞു പോവുല്ലോ....", മുട്ടക്കാരൻ ഖാദർ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു,"അങ്ങനൊന്നും പോവൂല്ലപ്പാ....", പൊടിക്കണ്ണൻ രണ്ടാമതും തുമ്മാൻ തയ്യാറെടുത്തു...,"ഇങ്ങാരു എന്നെ തുമ്മി പറപ്പിക്കുന്നതിനു മുന്നേ എൻ്റെ കാശ് ഇങ്ങ് എടുത്തേരെ....", ഖാദർ, ബാബുവിനു നേരെ കാശിനു വേണ്ടി കൈ നീട്ടി.ബാബു കൊടുത്ത കാശും വാങ്ങി ഖാദർ അവിടെ നിന്നുമിറങ്ങാൻ തുനിഞ്ഞു, അപ്പോളേക്കും പൊടിക്കണ്ണൻ രണ്ടാമതും തുമ്മിയിരുന്നു... ആ സമയത്തായിരുന്നു കിഴക്കതിലിലെ അനിലിൻ്റെ മകൾ ബാബുവിൻ്റെ കടയിലേയ്ക്ക് വന്നത്.."ഒരു കിലോ പഴം..", കെട്ടി തൂക്കിയിട്ടിരുന്ന പഴക്കുല ചൂണ്ടി അവൾ പറഞ്ഞു..പൊടിക്കണ്ണൻ അവളെയൊന്നു അടിമുടി നോക്കി.., "നീ ആ അനിലിൻ്റെ മോളല്ലേ...?", അയാൾ ചോദിച്ചു.., അവൾ അതെയെന്ന് മൂളി..."നിൻ്റെ പേരെന്തായിരുന്നു..?", പേര് ഓർത്തെടുക്കുന്ന ഭാവത്തിൽ പൊടിക്കണ്ണൻ ചോദിച്ചു.. "രശ്മി!", അവൾ മറുപടി പറഞ്ഞു... "നീ അങ്ങു കറുത്തു പോയല്ലോ കൊച്ചേ...", ഒരു പരിഹാസം കലർന്ന ചിരിയോടെ അയാൾ ചോദിച്ചു... "ഞാൻ കറുത്താലും വെളുത്താലും തനിക്കെന്താ... ഞാൻ മനപ്പൂർവ്വം കറുപ്പിച്ചതൊന്നുമല്ല..", പക്ഷേ അവളുടെ അമർഷം അവളുടെ മനസ്സിൽ നിന്നും പുറത്തു വന്നില്ല.. അവൾ വെറുതെ മൂളുക മാത്രം ചെയ്തു..."പക്ഷേ,ഇവളുടെ അനിയൻ ചെക്കൻ നല്ല വെളുത്തിട്ടാ...", ബാബു പൊടിക്കണ്ണനോടു പറഞ്ഞു.. "അതു കൊള്ളാം, ആ വെളുപ്പ് ഇവൾക്കായിരുന്നു കിട്ടേണ്ടത്....", പൊടിക്കണ്ണൻ ഒരൽപ്പം സഹതാപത്തോടെ പറഞ്ഞിട്ടു അവിടെ നിന്നുമിറങ്ങി...തൻ്റെ അമ്മയും അച്ഛനും പറയുന്ന സ്ഥിരം വാചകമായിരുന്നു അത്... അപ്പോൾ,കറുപ്പ് ആണുങ്ങൾക്കാണേൽ കുഴപ്പമില്ല, പെൺകുട്ടികൾക്കാകുമ്പോൾ മാത്രമാണ് കുഴപ്പം, അവൾ കരുതി.. പഴക്കുലയിലെ ചില പഴങ്ങൾ കറുത്തിരുന്നു,ബാബു അതു ഇരിഞ്ഞു കളഞ്ഞു.."കറുപ്പിനോടെന്നും ആളുകൾക്ക് അവജ്ഞയാണ്, അത് പഴമായാലും മനുഷ്യനായാലും..", അവൾ ചിന്തിച്ചു.. "എന്തും കറുത്തു തുടങ്ങിയാൽ അതു ചീത്തയായെന്നാണ് അർത്ഥം... ", അച്ഛൻ്റെ വാക്കുകൾ അവൾ ഓർത്തെടുത്തു, അവളുടെ കൈകളിലേക്ക് അവൾ നോക്കി..... താൻ എന്താണിങ്ങനെയായതെന്നു അവൾ പലപ്പോഴും ചിന്തിക്കാറുണ്ട്..കുടുംബത്തിൽ താൻ മാത്രം എങ്ങനെ കറുത്തു പോയെന്നു അവൾ എത്ര ആലോചിച്ചിട്ടും കിട്ടാത്ത ഒരു ചോദ്യമായിരുന്നു..
"തത്ത്വവിത്തു മഹാബാഹോ ഗുണകർമവിഭാഗയോഃ
ഗുണാ ഗുണേഷു വർതന്ത ഇതി മത്വാ ന സജ്ജതേ
", ബാബുവിൻ്റെ കടയ്ക്കു മുന്നിൽ രവി പാരായണം ചെയ്തു തുടങ്ങി.. രശ്മി ഒരു നിമിഷം രവിയെ ഒന്നു നോക്കിയിട്ട് ഉടനെ കണ്ണെടുത്തു, എന്നിട്ടു വീണ്ടും ചിന്തയിൽ മുഴുകി, കറുത്തു തടിച്ചു കുറുകിയ ഒരാളായിരുന്നു രവി, അയാളുടെ താടിയും മുടിയും നരച്ചതായിരുന്നു, നെറ്റിയിൽ കാലണ വലുപ്പത്തിലുള്ള ഒരു ചുണങ്ങ് അയാളെ അടയാളപ്പെടുത്തിയിരുന്നു, ഒരു കാവി സഞ്ചി സദാ അയാളുടെ തോളിൽ കിടന്നിരുന്നു..."കൊച്ചേ.. പിടിക്ക്....30 രൂപ..", ബാബുവിൻ്റെ ഉറച്ച ശബ്ദം അവളുടെ ചിന്തകൾക്കു വിരാമമിട്ടു.. അവൾ പൈസ കൊടുത്തു, പഴം വാങ്ങി അവിടെ നിന്നുമിറങ്ങി നടന്നു., ആ സമയം പാരായണം രവി റോഡിൽ അലഞ്ഞു നടന്ന ഒരു നായയ്ക്ക് സംസ്കൃത ശ്ലോകം ചൊല്ലി കൊടുക്കുകയായിരുന്നു, തനിക്കൊന്നു പൊയ്ക്കൂടെയെന്ന മട്ടിൽ നായ തലയാട്ടി തിരിഞ്ഞു നടന്നു, രവി ആരോടെന്നില്ലാതെ ചൊല്ലിക്കൊണ്ടേയിരുന്നു.... അവൾ അയാളുടെ കണ്ണിൽ പെടാത്ത വിധം റോഡരികിൽ കൂടി വേഗം നടന്നു, തിരിഞ്ഞു നോക്കണമെന്നുണ്ടായിരുന്നു, പക്ഷേ പേടി കാരണം അവൾ നോക്കിയില്ല.. പണ്ട് കരയുമ്പോൾ അമ്മ പറയുമായിരുന്നു, 'കരയുന്ന കുട്ടികളെ കൊണ്ടുപോകാൻ പ്രാന്തൻ രവി വരുമെന്ന്....', പിന്നീടു വളർന്നപ്പോൾ കരയാനുള്ള സ്വാതന്ത്ര്യം മാത്രം കിട്ടി, ഉറക്കെ ചിരിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം നഷടപ്പെട്ടു.., അങ്ങനെ ചിന്തിച്ചു നടക്കുമ്പോളാണ് വർഗ്ഗീസ് മാപ്ളയുടെ ഭാര്യ അന്നമ്മ എതിരെ നടന്നു വരുന്നത്, കുശലാന്വേഷണം പതിയെ തൻ്റെ മെലിച്ചിലിനെ പറ്റിയും, നിറത്തെ പറ്റിയും, അതു മാറ്റാനുള്ള ഒറ്റമൂലിയെ പറ്റിയുമൊക്കെ എത്തി നിൽക്കുമെന്ന് അറിയാവുന്നോണ്ട് അവൾ മുഖമുയർത്താതെ നടന്നു, അന്നമ്മയ്ക്ക് ഉപദേശിക്കാൻ തയ്യൽക്കാരി ആശയെ കിട്ടിയതുകൊണ്ടു അവൾ രക്ഷപ്പെട്ടു.. ആശയ്ക്ക് പക്ഷേ തടി കുറയ്ക്കാനുള്ള മരുന്നാണ് അന്നമ്മ പറഞ്ഞു കൊടുത്തത്.. ഇവർക്കെന്തു വേണം എന്ന മട്ടിൽ ആശ തല കുലുക്കി അന്നമ്മയുടെ മുന്നിൽ നിന്നു..
"പ്രകൃതേർഗുണസംമുഢാഃ സജ്ജന്തേ ഗുണകർമസു
താനകൃത്സ്നവിദോ മന്ദാൻ കൃത്സ്നവിന്ന വിചാലയേത്", രവിയുടെ ശ്ലോകം രശ്മിക്കിപ്പോളും കേൾക്കാമായിരുന്നു, അവൾ നടത്തത്തിൻ്റെ വേഗത കൂട്ടി.. ഒരു സ്ത്രീ തൻ്റെ എതിരെ സ്കൂട്ടറിൽ വരുന്നത് അവൾ ശ്രദ്ധിച്ചു, ഇടിച്ചു ഇടിച്ചില്ലയെന്ന മട്ടിൽ അവർ സ്കൂട്ടർ നിർത്തി, അവൾ നെടുവീർപ്പിട്ടു., ഹെൽമറ്റ് ഊരിയപ്പോൾ അവൾക്ക് ആളെ മനസ്സിലായി...രേവതിയായിരുന്നു അത്...''ഹാ! ചേച്ചിയോ... ഇപ്പോൾ ഇടിച്ചേന്നല്ലോ...", അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു...,രേവതി പൊട്ടിച്ചിരിച്ചു... അവൾ അവരുടെ പൊട്ടിച്ചിരി ആസ്വദിച്ചു നിന്നു...രേവതി, രശ്മിക്കെന്നും അത്ഭുതമായിരുന്നു... ഒരുപാടു നിയന്ത്രണങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചായിരുന്നു രേവതി കോളേജിൽ ചേർന്നതും, റാങ്ക് വാങ്ങിയതും ഒടുവിൽ ജോലി നേടിയതും... രശ്മിക്ക് അവരെയേറെയിഷ്ടവുമായിരുന്നു.. ഒരു പക്ഷേ തൻ്റെ നിറത്തെയും ശരീരത്തെയും പറ്റി അഭിപ്രായം പറയാത്ത ഏക ആളും രേവതിയായിരുന്നു.. അവരും കറുപ്പായിരുന്നു, മെലിഞ്ഞിട്ടുമായിരുന്നു...... "ചേച്ചിയെപ്പോ എത്തി?", അവൾ രേവതിയോടു ചോദിച്ചു.. "രാവിലെ....", അവർ മറുപടി പറഞ്ഞു... "നീ കടയിൽ പോയോ...?", രേവതി ചോദിച്ചു... അവൾ അതെയെന്ന് മൂളി... "കയറ്, ഞാൻ വീട്ടിൽ കൊണ്ടാക്കാം...", രേവതി പറഞ്ഞു... അവൾ സമ്മതം മൂളി.. "എനിക്ക് ചേച്ചിയെ പോലാവണം...",രശ്മി പറഞ്ഞു... രേവതി ചിരിച്ചു കൊണ്ട് ചോദിച്ചു,"അതെന്താ...? ", "ഈ സഹതാപം, പരിഹാസം എനിക്ക് മടുത്തു... നാട്ടിലേക്കാൾ അധികം സ്വന്തം വീട്ടിലാണ്...", അവൾ പറഞ്ഞു, "ഓരോ പെണ്ണിൻ്റെയും വിപ്ലവം വീട്ടിൽ നിന്നാണ് തുടങ്ങുന്നത്, അതിരുകളും വേലികളും സൃഷ്ടിക്കുന്നയിടത്താണ് നമ്മുടെ സ്റ്റാർട്ടിംഗ് പോയിൻ്റ്, തുല്യത എന്നത് ദാനമോ ഔദാര്യമോ അല്ലെന്ന് തെളിയിക്കുന്നയിടത്ത് നിൻ്റെ ചിറക് വിടരും, വിജയത്തിനു നിറമോ, ശരീരമോ, ലിംഗമോ ബാധ്യതയല്ല, അതിനു ആകെ വേണ്ടത് പരിഹാസങ്ങളിൽ ചൂളാത്ത, കൽപ്പനകളിൽ തളരാത്ത മനസ്സാണ്, അതു നീ നേടുമ്പോൾ നിനക്ക് പറക്കാം,വിഢികളുടെ ഈ മായാ ലോകത്തും നിന്നു..." രേവതി പറഞ്ഞു.., ഒരു പുതു ജീവൻ ലഭിച്ചതു പോലെ രശ്മി സന്തുഷ്ടയായി സ്കൂട്ടറിൽ കയറി.,
"നൈവ തസ്യ കൃതേനാർഥോ നാകൃതേനേഹ കശ്ചന
ന ചാസ്യ സർവഭൂതേഷു കശ്ചിദർഥവ്യപാശ്രയഃ", രവി അവരുടെ അടുത്തെത്തി ഭാഗവത ശ്ലോകം ചൊല്ലി നിന്നു, രശ്മി പേടിച്ചു മുഖം കുനിച്ചില്ല, തന്നെ നിറത്തിൻ്റെ പേരിൽ പരിഹസിച്ചിട്ടില്ലാത്ത ഒരാളെ കൂടി കണ്ട സന്തോഷമായിരുന്നു അവൾക്ക്....


Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence