മുക്തി

                                          
                             V

"സുഗതൻ്റെയടുത്ത് എങ്ങിനെ പോകും...?", ആവേശം കെട്ടിറങ്ങി യാഥാർത്ഥ്യത്തിലേയ്ക്ക് വന്ന പോലെ അവൻ അവരോടായി ചോദിച്ചു.
" ഒരു വഴിയുമില്ല...", സുഹാന തുറന്നടിച്ചു.
"പക്ഷേ അയാളെ കണ്ടെങ്കിൽ മാത്രമേ ഞാൻ ചെയ്ത പാപമെന്തെന്നറിയാൻ സാധിക്കൂ....എനിക്കയാളെ ഏതു വിധേനെയും കണ്ടേ തീരു....'',അവൻ്റെ ബാലിശമായ ആവശ്യം കേട്ട് അവർ രണ്ടു പേരും ചിരിച്ചു.
"അതിനൊറ്റ വഴിയേയുള്ളു.... മുക്തി ദർപ്പണം....", അരവിന്ദൻ തുടർന്നു, "അതിൽ നിൻ്റെ പ്രതിരൂപം വന്നാൽ നിനക്കീ കോട്ടയിൽ നിന്നും പുറത്തു കടക്കാം...", അരവിന്ദൻ്റെ അഭിപ്രായം സ്വീകരിക്കാവുന്നതാണെന്ന് സുഹാനയും വാദിച്ചു.പ്രതീക്ഷയുടെ വെള്ളി വെളിച്ചം അവൻ്റെ കണ്ണിൽ പ്രതിഫലിച്ചു.
ആശകൾ ആശയങ്ങളെ ചിലപ്പോഴൊക്കെ നിരാകരിക്കാറുണ്ട്, എന്നാലിതു കേവലം ആശയല്ല, ആവശ്യമാണെന്നുറപ്പിച്ചു അവൻ മുക്തി ദർപ്പണത്തിന്നടുത്തേയ്ക്കു നീങ്ങി.അപ്രതീക്ഷിതമായതെന്തോ കാണാൻ കഴിയുമെന്ന വിശ്വാസത്തിൽ അരവിന്ദനും സുഹാനയും അവൻ്റെയൊപ്പം കൂടി.
വൈശാഖിൻ്റെ ആവേശവും, പരവേശവും വിജയൻ നോക്കി നിന്നു. താനുമൊരിക്കൽ ഈ ആവേശത്തിനടിമപ്പെട്ടിട്ടുണ്ടെന്ന കാര്യം അയാൾ ഓർത്തു.ഇരവും പകലും രണ്ടെന്നു വരുത്താൻ അസാധ്യമായ ഈ ലോകത്ത്, സമയവും കാലവും തീരുമാനിക്കുന്നത് ചക്രങ്ങളല്ല, ഉള്ളിലെ നൈരാശ്യമാണ്. നൈരാശ്യത്തിൻ്റെ പരമോച്ചാവസ്ഥയിലാണ് ഒന്നു കൂടി ജീവിക്കാൻ ഇവിടെയുള്ളവർ വെമ്പൽ കൊള്ളുന്നത്, എന്നാൽ വീണ്ടുമൊരു ജന്മമെന്ന പുണ്യം സ്വമേധയാ തട്ടിയെറിഞ്ഞ ഒരാളായിരുന്നു വിജയൻ. അതിനു അയാൾക്കൊരു കാരണവുമുണ്ടായിരുന്നു, പക്ഷേ ആ കാരണമെന്തെന്ന് ഒരു രഹസ്യമായി അയാൾ സൂക്ഷിച്ചു, ആ ലോകത്തിലെ അനേകം രഹസ്യങ്ങളിലൊന്നായി അതിനെയും അയാൾ ഒളിപ്പിച്ചു.അതിനു ശേഷമായിരുന്നു ഈ പുസ്തക ശാലയുടെ സംരക്ഷകൻ്റെ ചുമതല അയാൾ ഏറ്റെടുത്തത്.

വൈശാഖും കൂട്ടരും ദർപ്പണത്തിനടുത്തെത്തിയിരുന്നു. ദർപ്പണത്തിന്നു മുന്നിൽ ഒരു നീണ്ട വരിതന്നെയുണ്ടായിരുന്നു, വൈശാഖും അരവിന്ദനും ആ വരിയിൽ സ്ഥാനം പിടിച്ചു, സുഹാന മാറി നിന്നു. പലരും പ്രതിരൂപം കാണാതെ നിരാശപ്പെട്ടു പോകുന്നുണ്ടായിരുന്നു, എന്നാൽ ആ വരിയിൽ സ്ഥാനമുറപ്പിച്ചവരിൽ ആരും തന്നെ പ്രതീക്ഷയറ്റ് മടങ്ങി പോകാൻ തയ്യാറല്ലായിരുന്നു. വൈശാഖ് സുഹാനയെ അടുത്തേക്ക് വിളിച്ചു."സുഹാനയെന്താണ് മാറി നിൽക്കുന്നത്...?", അവൻ ചോദിച്ചു.
"മരണം, ജീവിതത്തേക്കാൾ സുന്ദരമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്, ആ ചിന്ത മായുമ്പോൾ ഞാനും വരാം, അതു വരെ എൻ്റെ മരണം അവരെ അലോസരപ്പെടുത്തട്ടെ...", സുഹാന മറുപടി പറഞ്ഞു.
" ആ ചിന്ത നിന്നെ തൃപ്തിപ്പെടുത്തുന്നുണ്ടാകാം, എന്നാലത് വ്യർത്ഥമാണ് ", ഒരു വയസ്സൻ , നരച്ച താടിയും മുടിയും, ചുണ്ടിൽ തിളക്കമാർന്ന ചിരിയുമായി അവരുടെ അടുക്കൽ വന്നു നിന്നു, പ്രായാധിക്യം ലവലേശം ബാധിക്കാത്ത ആ കണ്ണിലെ തിളക്കം വൈശാഖ് നോക്കി നിന്നു.
"എൻ്റെ അഭാവം അവരെ വിഷമിപ്പിക്കുമെന്ന് വിചാരിച്ചു. എൻ്റെ മരണം അവർക്കെന്നുമൊരു വേദനയായി കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എൻ്റെ മുക്തിയോ, അവരുടെ വേദനയോ എന്താണ് എന്നെ സന്തോഷവതിയാക്കുകയെന്ന് അറിയില്ലെങ്കിൽ പോലും...",സുഹാനയുടെ ചുണ്ടുകൾ വിറച്ചിരുന്നു.
"നമ്മൾക്കെല്ലാവർക്കുമൊരു ധാരണയുണ്ട്, നമ്മളെന്ന ന്യൂക്ലിയസിനു ചുറ്റുമാണ് മറ്റുള്ളവർ കറങ്ങുന്നതെന്ന്, ഇതിലെ വൈരുധ്യമെന്തെന്നാൽ ഈ ധാരണ എല്ലാവർക്കുമുണ്ടെന്നുള്ളതാണ്, അതിനാൽ,തന്നെ ചുറ്റി കറങ്ങുന്ന ഏതേലും സൂക്ഷ്മകണം നഷ്ടപ്പെട്ടാൽ കുറച്ചു സമയം അവർ വേദനിക്കുമെങ്കിലും, അവർ വീണ്ടും പഴയ പോലെയാകും, അതാണ് ജീവിതം. അവരെ ജയിക്കാൻ വേണ്ടിയാണ് നീ ആത്മഹത്യ ചെയ്തതെങ്കിൽ നിനക്ക് വിജയമല്ല തോൽമയാണ് സംഭവിച്ചത്...", അയാൾ പറഞ്ഞു നിർത്തി.
വാക്കുകളുടെ ദൗർലഭ്യം ഒട്ടും ഏശിയിട്ടില്ലാത്ത ആളായിരുന്നു സുഹാന..., എന്നാലിപ്പോൾ അവളുടെ മറുപടി മൗനമായിരുന്നു.
ഈ ലോകത്തു വന്ന നാൾ മുതൽക്കെ കൂടെ കൂട്ടിയ അവളുടെ വിജയ ചിരി നഷ്ടമായിരിക്കുന്നു."പിന്നെ നിങ്ങളെന്തിനാണ് ആത്മഹത്യ ചെയ്തത്..?", സുഹൃത്തിൻ്റെ വാടിയ മുഖത്തിനു പകരമായി അരവിന്ദൻ അയാൾക്കെതിരെ വാക്കാൽ വാളോങ്ങി.
"എന്നെ കൊലപ്പെടുത്തിയതായിരുന്നു....",നിർവികാരത്തോടെ അയാൾ പറഞ്ഞു.
"പക്ഷേ ഇതു സ്വഹത്യ നഗരമാണ്... നിങ്ങൾക്കിവിടെ വരാൻ സാധിക്കില്ലല്ലോ....?", ഒരു നീണ്ട മൗനത്തിനു ശേഷം വൈശാഖ് കണ്ഠമനക്കി...
"എനിക്കു സാധിക്കും, എൻ്റെ ആവശ്യപ്രകാരം എനിക്ക് എവിടെ വേണമെങ്കിലും പോകാൻ സാധിക്കും... ", തലയുയർത്തി അയാൾ പറഞ്ഞു.
"അതെങ്ങിനെ...?", ഇത്തവണ സുഹാനയായിരുന്നു മന്ത്രിച്ചത്.
"ഞാൻ ശക്തനാണ്, നിങ്ങളിലേവരെക്കാട്ടിലും ശക്തൻ, പിന്നെ ഞാനീ നഗരം തെരഞ്ഞെടുത്തത് എന്നെ വധിച്ച ഘാതകൻ്റെ പാപം ഞാൻ സ്വയം ഏറ്റെടുക്കാൻ വേണ്ടിയാണ്....", അയാൾ പറഞ്ഞു.
"ശക്തൻ.....? നിങ്ങളുടെ അടുത്ത് ഒരു പാട് പണമുണ്ടോ....?, ആ അർത്ഥത്തിലാണോ നിങ്ങൾ ശക്തൻ എന്നു പറഞ്ഞത്..?", ഒരൽപ്പം പരിഹാസത്തോടെ അരവിന്ദൻ ചോദിച്ചു.
"പണം കൊണ്ട് ശക്തി കാട്ടുന്നത് ജീവലോകത്താണ്, ഇവിടെ അതിനു യാതൊരു പ്രസക്തിയുമില്ല.... ", അയാൾ മറുപടി പറഞ്ഞു.
"പിന്നെ അധികാരമോ... നിങ്ങൾ രാജാവായിരുന്നോ.. അതാണോ ശക്തൻ...?", വൈശാഖ് ചോദിച്ചു.
"രാജാവും അടിയാളനുമൊക്കെ മനുഷ്യ ലോകത്ത് മാത്രം, ആ അധികാരം ഇവിടെ ഉപയോഗിക്കാൻ സാധിക്കയില്ല", അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"പിന്നെയെന്താണ്..?", സുഹാനയ്ക്ക് ക്ഷമ നശിച്ചിരുന്നു.
"എൻ്റെ നന്മകൾ തിന്മകളെക്കാൾ ഏറെ മുന്നിലായിരുന്നു, അതാണ് എന്നെ ശക്തനാക്കുന്നത്....", അയാൾ പറഞ്ഞു.
"നിങ്ങൾ ആരായിരുന്നു?, ഡോക്ടർ? കളക്ടർ?, പോലീസ്?, പട്ടാളക്കാരൻ? ആരായിരുന്നു?", വൈശാഖ് ചോദിച്ചു.
"ആരാച്ചാർ.... ", അയാൾ മറുപടി പറഞ്ഞു. " പാപികളെ മുക്തനാക്കുന്ന ആരാച്ചാർ... കരിന്തുണിയാൽ മൂടി, കയറിൽ കുരുക്കി,പാപങ്ങൾ മായ്ച്ചു പാപികൾക്ക് മോക്ഷം നൽകുന്ന ആരാച്ചാർ....."
ഒരു നീണ്ട മൗനം അവരെ മൂടി.
"ചെയ്ത പാപങ്ങൾ മറ്റുള്ളവരിൽ പഴിചാരുന്നതാണ് നിങ്ങളുടെ ദൗർബല്യം, കാരണമെന്തു തന്നെയായാലും നിങ്ങൾ ഒടുവിൽ ചെയ്ത പാപം ആത്മഹത്യയായിരുന്നു, ആ പാപം നിങ്ങൾ സ്വയം ഏറ്റെടുത്തെങ്കിൽ മാത്രമേ ഈ മുക്തി ദർപ്പണം നിങ്ങളെ സഹായിക്കുകയുള്ളു.... കാരണം അറിയാനായി മാത്രം ഈ പാപം ഏറ്റെടുത്താൽ ഈ ലോകത്തിൽ നിന്നും നിങ്ങൾക്ക് ഒരു മടക്കയാത്ര ഒരിക്കലുമുണ്ടാവില്ല.... ", അയാൾ പറഞ്ഞു.
മൗനത്തിലുമധികമായി അവർക്കൊരു മറുപടി ഇല്ലായിരുന്നു.
"വീണ്ടും കാണാം.....", അയാൾ യാത്ര പറഞ്ഞു.
ആ നീണ്ട വരി ചുരുങ്ങിയിരുന്നു...
''എന്താണ് പേര്?",പെട്ടെന്നെന്തോ ഓർത്തപ്പോലെ വൈശാഖ് ചോദിച്ചു.
അയാൾ മറുപടിയെന്നോണം ചിരിച്ചു കൈയ്യുയർത്തി കാട്ടി.
അവർ മൂന്നു പേരും ഞെട്ടി, അയാളുടെ കൈയ്യിൽ ആറു വിരലുകളുണ്ടായിരുന്നു....... "സുഗതൻ......"
അയാൾ മാഞ്ഞിരുന്നു...




തുടരും...............

Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence