കുടുക്ക
"ടീച്ചർ വരട്ട്, ടീച്ചർ കണ്ടു പിടിച്ചോളും..ടീച്ചറിനെ വിളിക്കാൻ, വിനോദ് പോയിട്ടുണ്ട്....", ക്ലാസിലെ പെൺകുട്ടികളുടെ ലീഡറായ കീർത്തി അവർക്ക് പ്രതീക്ഷ നൽകി.. കുടുക്കയിൽ നിക്ഷേപിക്കാനായി കൊണ്ടു വന്ന പത്തു രൂപ ഷാഫിയുടെ കൈയ്യിൽ കിടന്നു ചുക്കി ചുളിഞ്ഞു.
വർഷാവസാനമുള്ള ക്ലാസ് ഫെസ്റ്റിനു പണം സമാഹരിക്കാൻ, ഷാഫിയും വിനോദും മുന്നോട്ടുവച്ച ആശയമായിരുന്നു 'കുടുക്ക'.ക്ലാസ് ഏക കണ്ഠേന അതിനനുകൂലിക്കുകയും ചെയ്തു, കുട്ടികളുടെ താത്പ്പര്യത്തിനു എതിരു നിൽക്കാതെ അവരുടെ പ്രിയപ്പെട്ട സിന്ധു ടീച്ചർ സമ്മതം കൊടുക്കുകയും ചെയ്തു.ഷാഫിയായിരുന്നു കുടുക്ക വാങ്ങിയത്, മഞ്ഞ നിറത്തിലുള്ള താറാവിൻ്റെ ഒരു മൺകുടുക്ക. ടീച്ചർ ആദ്യ സംഭാവന നൽകാമെന്ന ആശയത്തെ വിനോദ് എതിർത്തു, കുട്ടികളുടെ സമാഹാരമാണ് കുടുക്ക കൊണ്ടുള്ള ലക്ഷ്യമെന്ന വാദത്തെ മറ്റു കുട്ടികളും ശരിവച്ചു.., ടീച്ചറും.
തന്നാൽ ആവുന്ന തരത്തിലുള്ള തുകകൾ കുട്ടികൾ കുടുക്കയിലിട്ടു,തുകകളുടെ ഏറ്റ കുറച്ചിൽ കുട്ടികളിൽ വിഷമമുണ്ടാക്കുമെന്നു കരുതി ടീച്ചറിൻ്റെ ആവശ്യപ്രകാരം, കാശിൻ്റെ കണക്കുകളാരുമെഴുതിയില്ല.
പേപ്പർ കെട്ടുകൾക്കിടയിൽ തിരുകി അവർ ആ താറാവു കുടുക്കയെ സംരക്ഷിച്ചു.മറ്റു ക്ലാസിലെ കുട്ടികൾക്ക് തങ്ങളുടെ താറാവിനെ പറ്റിയറിയില്ലെന്നവർ വിശ്വസിച്ചു.
ആദ്യ ട്രിപ്പ് സ്ക്കൂൾ ബസ് എട്ടു മണിയ്ക്കു മുന്നേ സ്ക്കൂളിലെത്തും, റോഹൻ ആ ബസിലായിരുന്നു സ്ക്കൂളിൽ വന്നിരുന്നത്, അതു കൊണ്ട് റോഹനായിരുന്നു ക്ലാസിൽ ആദ്യമെത്തുക, താറാവ് തൽസ്ഥാനത്തിരിപ്പുണ്ടെന്ന് തീർച്ചപ്പെടുത്തുന്നതും അവനായിരുന്നു, കേടുപാടുകൾ ഒന്നും സംഭവിച്ചില്ലെന്നുറപ്പായാൽ കൈയ്യിലുള്ള ചില്ലറ തുട്ട് അതിൽ നിക്ഷേപിച്ചിട്ട്, അവൻ കുടുക്കയെ,പേപ്പറുകൾക്കിടയിൽ തിരുകി വയ്ക്കും.രണ്ടാമതു വരുന്ന കുട്ടിയെ ഏൽപ്പിച്ചിട്ടു മാത്രമേ അവൻ ക്ലാസിൽ നിന്നുമിറങ്ങാറുള്ളു.
കുടുക്കയിൽ നോട്ടുകളുടെ സാന്നിധ്യം ഷബിനെ അടയാളപ്പെടുത്തുന്നു, ചിലപ്പോൾ ഷബിൻ്റെ കൈയ്യിൽ നിന്നും പണം വാങ്ങി ഷാഫിയും അതിൽ നിക്ഷേപിക്കാറുണ്ട്, പക്ഷേ അത് തൻ്റെ കാശാണെന്ന് ബോധിപ്പിക്കാനായി നോട്ടുകളിൽ 'ഷബിൻ' എന്നെഴുതി വയ്ക്കും, തൻ്റെ പേരിലുള്ള നോട്ടാണ് കുടുക്കയിലുള്ളതെന്ന് ഓർക്കുമ്പോൾ ഷബിൻ്റെ മനസ്സിൽ കുളിര് കോരും... എന്നാലിപ്പോൾ ഷാഫിയുടെ കൈയ്യിലുള്ള നോട്ടിൽ 'ഷബിൻ' എന്നെഴുതിയിരുന്നില്ല.
"ധാ! ടീച്ചർ വരുന്നു... ", പറയുമ്പോൾ രാകേഷിൻ്റെ കണ്ണിൽ പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു.
ടീച്ചർ,കുറച്ചു നേരം പൊട്ടിയ മൺകുടുക്കയുടെ നുറുക്കുകളെ നോക്കി നിന്നു.ആശ്വസിപ്പിക്കാനെന്ന വിധം കുട്ടികളെ നോക്കി സാരമില്ലെന്നു പറഞ്ഞു, ഒരു വാക്കിനാൽ ആശ്വാസം കൊള്ളുന്ന സ്ഥിതിയിലായിരുന്നില്ല കുട്ടികൾ, അവരുടെ മുഖഭാവത്തു നിന്നും ടീച്ചർക്കത് വായിച്ചെടുക്കാനും സാധിച്ചു. എന്തു പറയണമെന്നറിയാതെ ടീച്ചറും വിഷമിച്ചു നിന്നു.
" പോലീസിനെയെങ്ങാനും വിളിക്കേണ്ടി വരുവോ?", വിനോദ് ചോദിച്ചു.
"ഈ കഷണങ്ങൾ പെറുക്കി കളഞ്ഞേരേ, ആരുടെയും കൈയ്യിലൊന്നും കൊണ്ടു മുറിക്കല്ലേ.... ", ടീച്ചർ അവരോടു പറഞ്ഞു. കുട്ടികൾ അതു പെറുക്കി കുപ്പയിലിടാൻ തുടങ്ങി. ടീച്ചർ പുറത്തേക്കിറങ്ങി, വിനോദും ആനന്ദും ടീച്ചറെ അനുഗമിച്ചു.
"135 രൂപയുണ്ടായിരുന്നു ടീച്ചറെ, അതെടുത്തവനു കോളായി... ",ഒരു നിഷ്കളങ്ക ചിരിയും ചിരിച്ചു ആനന്ദ് ടീച്ചറോടു പറഞ്ഞു. ടീച്ചർ അവനെ ഒന്നു നോക്കി. പറഞ്ഞതിലെന്തോ അപാകത സംഭവിച്ചെന്നവനു മനസ്സിലായി, വിനോദ് ആനന്ദിൻ്റെ കൈയ്യിലൊന്നു പിച്ചി.അഞ്ചാം ക്ലാസുകാരുടെ മോഷണം കണ്ടുപിടിക്കാൻ പോലീസ് വേണ്ടെന്നവർ സ്വയം തെളിയിച്ചു. ടീച്ചർ അവരെ രണ്ടു പേരെയും മാറ്റി നിർത്തി ചോദ്യം ചെയ്യാൻ തുടങ്ങി.
"ഞങ്ങളല്ല ടീച്ചറെ എടുത്തത്, അഷറഫും അബിയും കൂടാ...ഞാനും ആനന്ദും വെള്ളം കുടിക്കാൻ ക്ലാസിൽ വന്നപ്പോൾ അഷറഫ് കുടുക്ക പൊട്ടിച്ചു, ഞങ്ങൾ ഓടി ചെന്നപ്പോൾ അവന്മാർ ഇതാരോടും പറയല്ലെന്ന് പറഞ്ഞ്, പറയാണ്ടിരുന്നാൽ കാക്കാടെ കടേന്ന് ജ്യൂസും കടിയും വാങ്ങി തരാന്ന് പറഞ്ഞ്, പിന്നെ പുതിയ കുടുക്കയും വാങ്ങാമെന്ന് ഉറപ്പ് നൽകി, പക്ഷേ അപ്പോളേക്ക് കീർത്തി വരുന്നത് കണ്ട് ഞങ്ങൾ ഓടി, അങ്ങനെ അവൾ എല്ലാരെയും വിളിച്ചു.", വിനോദ് കരഞ്ഞുകൊണ്ട് പറഞ്ഞു.
"അബിയും അഷറഫുമെന്തിയേ...?",ടീച്ചർ അക്ഷമയായി ചോദിച്ചു.
"അറിയില്ല ടീച്ചറെ... ", കണ്ണീരു തുടച്ചു കൊണ്ട് ആനന്ദ് പറഞ്ഞു. ടീച്ചർ അവിടെ നിന്നും പോയി, എന്തുവേണമെന്നറിയാതെ വിനോദും ആനന്ദും സമയം കരഞ്ഞു തീർത്തു. ടീച്ചർ ക്ലാസിൽ ചെന്ന് ഷാഫിയെ വിളിച്ചു. അവർ രണ്ടു പേരും സംസാരിക്കുന്നത് വിനോദും ആനന്ദും അകലത്തിൽ നിന്നും നോക്കി നിന്നു. തങ്ങളെ പറ്റിയാണ് പറയുന്നതെന്നവർ ഉറപ്പിച്ചു.ഷാഫി തങ്ങളുടെ അടുത്തേക്ക് വരുന്നത് അവർ നോക്കി നിന്നു.
"ടീച്ചർ എല്ലാം പറഞ്ഞു, നീയൊക്കെ വാ...", ഷാഫിയുടെ പിറകേ അവർ നടന്നു. കുറ്റബോധവും തെറ്റും ഒരുവൻ്റെ തലകുനിയ്ക്കുമെന്ന് അവർക്കിന്ന് മനസ്സിലായി.
"നിങ്ങൾ ചെയ്തത് തെറ്റാണ്... വലിയ തെറ്റ്... നിങ്ങൾക്കവരെ തടയാമായിരുന്നു, എന്നാൽ നിങ്ങളത് ചെയ്തില്ല പകരം അവരോടൊപ്പം നിന്നു, തെറ്റിൽ നിന്നും കൂട്ടുകാരെ മാറ്റുകയല്ലേ വേണ്ടത്? അല്ലേ?... ", ടീച്ചർ ചോദിച്ചു. അവർ അതെയെന്ന് തലയാട്ടി.
"ഇനി മേലാൽ നിങ്ങളിത് ചെയ്യരുത് കേട്ടോ...!", ടീച്ചറിൻ്റെ ശബ്ദം ഉയർന്നും താണുമിരുന്നു. വിനോദിൻ്റെയും ആനന്ദിൻ്റെയും കണ്ണുകൾ അതിനുത്തരം നൽകി.
" തൽക്കാലം ഇതാരോടും പറയണ്ട, അബിയോടും അഷറഫിനോടും എന്നെ കാണാൻ പറയുക... കുട്ടികളൊന്നുമറിയണ്ട കൂട്ടുകാരുടെ വിശേഷം.... ", ടീച്ചർ തുടർന്നു,"ചേട്ടൻമാരുടെ ഡാൻസ് ഇപ്പോൾ തുടങ്ങും., എല്ലാരും അങ്ങോട്ട് പോകാൻ പറ.."
അവർ മൂന്നു പേരും തലയാട്ടി, ഷാഫി അവരുടെ തോളിൽ കൈ വച്ചു നടന്നു. സൗഹൃദം, ചില തെറ്റുകളെ മറയ്ക്കും, ചിലപ്പോൾ അതു മായും മറ്റു ചിലപ്പോൾ ആ മറവിൽ വളർന്നു വലിയ തെറ്റുകളായി മാറും.മറ്റു സ്നേഹ ബന്ധങ്ങളെയപക്ഷേിച്ചു സൗഹൃദത്തിനു മാത്രമുള്ള പ്രത്യേക തയാണത്, സൗഹൃദം ചെളിക്കുണ്ടിലും വളരും മാളികയിലും വളരും.അവർ മൂന്നു പേരും പോകുന്നത് കണ്ട് ടീച്ചറിൻ്റെ കണ്ണുകളും നിറഞ്ഞിരുന്നു.
കുടുക്കയിൽ പണമിടാൻ പോയപ്പോൾ അഷറഫിൻ്റെ കൈയ്യിൽ നിന്നും കുടുക്ക വീണ് പൊട്ടിയതാണെന്നും അതിലുള്ള കാശ് അവൻ ടീച്ചറെ ഏൽപ്പിച്ചെന്നും ഷാഫി പറഞ്ഞു. വിശ്വാസത്തിനായി ടീച്ചർ അവനെ ഏൽപ്പിച്ച പൈസയും അവൻ കാണിച്ചു.'150 രൂപ'. പൈസ കണ്ടപ്പോൾ അവർക്കു വിശ്വാസമായി, അവർ ആഡിറ്റോറിയത്തിലേയ്ക്ക് പോയി.
ടീച്ചർ,തന്റെ ഇരിപ്പിടത്തിലേയ്ക്ക് പോയപ്പോൾ തൻ്റെ ടേബിളിൽ എന്തോ ഇരിക്കുന്നതു കണ്ടു. ഒരു താറാവു കുടുക്കയും, 135 രൂപയും 'സോറി' എന്നിംഗ്ലീഷിലെഴുതിയ ഒരു നോട്ടും. ഈ കുടുക്കയ്ക്കും താഴും താക്കോലുമില്ലായിരുന്നു, മണ്ണു കൊണ്ടു മാത്രമായിരുന്നില്ല ആ കുടുക്ക നിർമ്മിച്ചത്, പരസ്പര വിശ്വാസവും സൗഹൃദവും സ്നേഹവും കൂടി കൊണ്ടായിരുന്നു. കുടുക്ക ഇനിയും തകർന്നേക്കാം, പക്ഷേ വിശ്വാസം തകരില്ലെന്നവർ വിശ്വസിച്ചു.ആ നോട്ട് അവർ വീണ്ടും വായിക്കാൻ ശ്രമിച്ചു, എന്നാൽ ചില അക്ഷരങ്ങൾ വ്യക്തമായിരുന്നില്ല, അക്ഷര പിശക് കൊണ്ടല്ല, അശ്രു കണങ്ങൾ കണ്ണിനെ മറച്ചതു കൊണ്ടായിരുന്നു.
Comments
Post a Comment