മുക്തി

         
                            
                           VI

"അതാരായിരുന്നു?", "സുഗതനായിരിക്കുമോ?", "സുഗതനാണെങ്കിൽ നമുക്കെന്തു കൊണ്ട് അയാളെ മനസ്സിലായില്ല....?", അങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും, സംശയങ്ങളും അവർ പരസ്പരം ചോദിച്ചു കൊണ്ടിരുന്നു.
സംശയത്തിൻ്റെ കുരുക്കുകൾ അഴിയ്ക്കാൻ ശ്രമിക്കുമ്പോൾ അതു മുറുകകയാണെന്നവർക്കു തോന്നി. ഈ ലോകത്തിൽ നാളിതുവരെ അനുഭവിക്കാത്ത സങ്കീർണതകൾ അരവിന്ദനും സുഹാനയ്ക്കും ഇപ്പോളായിരുന്നു അനുഭവപ്പെട്ടത്.
"നമുക്ക് വിജയനെ ഒന്നൂടി കണ്ടാലോ...?", ആ വരിയിൽ നിന്നുമിറങ്ങി വൈശാഖ് ചോദിച്ചു. അവർ സമ്മതം മൂളി.അവർ മൂന്നു പേരും പുസ്തക ശാലയിലേയ്ക്ക് വീണ്ടും നീങ്ങി.
കാര്യങ്ങൾ ഇനിയും സങ്കീർണ്ണമാകുമെന്നറിയാമായിരുന്നിട്ടും, സുഹാനയും അരവിന്ദനും വൈശാഖിനെ തടഞ്ഞില്ല, സ്വയം ഒഴിഞ്ഞുമാറിയതുമില്ല, സംശയങ്ങൾക്ക് ഉത്തരം കിട്ടാനുള്ള വ്യഗ്രത മാത്രമായിരുന്നില്ല, സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും ഒരദൃശ്യ ചങ്ങല അവരെ തമ്മിൽ ബന്ധിച്ചിരുന്നു. അനേകായിരം ആളുകൾ ഈ ലോകത്തിലുണ്ടായിട്ടും, ഈ മൂന്നു പേർ തമ്മിൽ എങ്ങിനെ ഇങ്ങനെ ബന്ധപ്പെട്ടുവെന്നത് അവരുടെ മനസ്സിൽ ഇനിയും തോന്നാത്ത സംശയമായിരുന്നു, നിശ്ചിതമല്ലെങ്കിൽ കൂടി ചില സംശയങ്ങൾ,ദൂരികരിക്കാൻ ആഗ്രഹിക്കാത്തവയാണ്,കാരണം മറ്റു ചില ഘടകങ്ങൾ അവയെ മറയ്ക്കും...., ഇവിടെ അതു സൗഹൃദമായിരുന്നു.

അവർ പുസ്തക ശാലയുടെ മുന്നിലെത്തി, അവരുടെ വരവ് പ്രതീക്ഷിച്ചെന്ന വിധം വിജയൻ അവരെ ഒരു പുഞ്ചിരിയാൽ എതിരേറ്റു.
"ഈ ലോകം മൊത്തത്തിൽ ഒരു മിസ്റ്ററിയാണ്, ഓരോ തവണയും പല സംശയങ്ങൾ എന്നിൽ നിറയുന്നു, ഇപ്പോൾ ഞങ്ങൾ ആശിച്ച പോലെ സുഗതനെ കണ്ടു, പക്ഷേ ഞങ്ങൾക്കയാളെ മനസ്സിലായില്ല, മനസ്സിലുയർന്ന സംശയങ്ങൾ ചോദിക്കാനും സാധിച്ചില്ല, ഇനി എന്നെ സഹായിക്കാൻ കഴിയുന്നത് നിങ്ങൾക്കാണ്, എന്നെ പോലെ ചെയ്ത പാപമറിയാൻ വേണ്ടി മാത്രം ഒരു പുനർജന്മം ആഗ്രഹിച്ചതു നിങ്ങൾ മാത്രമാണ്, നിങ്ങൾക്കെന്താണ്  സംഭവിച്ചത്? ആരാണു സുഗതൻ? ഇതിൻ്റെയെല്ലാം ഉത്തരം നിങ്ങളെനിക്ക് തരണം...., അപേക്ഷയാണ്.....!", വൈശാഖ് തൻ്റെ സംശയങ്ങൾ അയാളോടു ചോദിച്ചു.
അയാൾ മിസ്റ്റിക്കായി ഒന്നു ചിരിച്ചു, ഒരുപാടുത്തരങ്ങൾ ഒളിപ്പിച്ച ഒരു ചിരി... "നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം എൻ്റെ കൈയ്യിലില്ല.... അറിയാവുന്ന ഉത്തരം നിങ്ങളോടു പങ്കിടാനും സാധിക്കയില്ല...കാരണം ഇതിൻ്റെ ഉത്തരങ്ങൾ നിങ്ങളല്ല, നിങ്ങളെയാണ് തേടി വരുന്നത്...",ഒരു നിഗൂഢമായ ചിരിയിൽ പൊതിഞ്ഞ് അയാൾ മറുപടി പറഞ്ഞു.
വൈശാഖ് വിഷണ്ണനായി തലയാട്ടി., യുദ്ധം ജയിപ്പാനായി പാഞ്ഞു വഴിമുട്ടി നിൽക്കുന്ന പോർക്കുതിരയുടെ ശീൽക്കാരവും, ദേഷ്യവും ഒന്നും അവനിൽ കണ്ടില്ല, നിസ്സംഗത.. നിസ്സംഗത മാത്രം.അവർ തിരിഞ്ഞു പോകാൻ വൈകുന്നുവെന്ന് ബോധ്യമായപ്പോൾ വിജയൻ സ്വപീഠത്തിലേയ്ക്ക് നീങ്ങി. നിശബ്ദതയും മ്ലാനതയും മാത്രം പ്രതീക്ഷിച്ചാൽ മതിയെന്ന് ബോധ്യമായപ്പോൾ അരവിന്ദനും സുഹാനയും വൈശാഖിനെ അവിടെ നിന്നും മാറ്റി.

ജീവിച്ചിരുന്നപ്പോൾ വൈശാഖിനും സുഹാനയ്ക്കും അരവിന്ദനും ലഭിക്കാതെ പോയത് ഒരു നല്ല സൗഹൃദമായിരുന്നു. മക്കളെ വളരെയധികം സ്നേഹിച്ച ഒരാളായിരുന്നു അരവിന്ദൻ,എന്നാൽ മക്കളുമായി ഒരു സൗഹൃദത്തിനു അയാൾ ശ്രമിച്ചിരുന്നില്ല.. അതു തന്നെയാകാം മരണത്തിനു ശേഷം തൻ്റെ മക്കളുടെ പ്രായമുള്ള സുഹാനയുമായും വൈശാഖുമായും അയാൾ സൗഹൃദത്തിലായത്.
പ്രണയത്തിനു വേണ്ടി സുഹാന ത്യജിച്ചത് തൻ്റെ അച്ഛൻ്റെ സ്നേഹമായിരുന്നു, അരവിന്ദനിൽ അവൾ തൻ്റെ അച്ഛൻ്റെ സൗഹൃദവും സ്നേഹവും കാണുന്നു. ദീർഘകാലം സുഹൃത്തായി ഇരുന്ന ആളിനെ തന്നെയായിരുന്നു സുഹാന വിവാഹം കഴിച്ചത്, പക്ഷേ പിന്നിട് ആ സൗഹൃദം അവൾക്കു നഷ്ടപ്പെട്ടു, അതായിരിക്കാം തൻ്റെ ഭർത്താവിൻ്റെ അതേ ചേഷ്ടകളും ചിന്തകളുമുള്ള വൈശാഖിനെ അവൾക്കു സുഹൃത്തായി ലഭിച്ചത്.
ജീവലോകത്ത് വൈശാഖ് ഏറ്റവും കൂടുതൽ സ്നേഹിച്ചത് അച്ഛനെയായിരുന്നു, എന്നാൽ അവസാന നാളുകളിൽ അവരുടെയിടയിൽ കലഹം പതിവായിരുന്നു, അവരുടെയിടയിൽ നഷ്ടപ്പെട്ടു പോയ ആ സ്നേഹവും സൗഹൃദവും അവനീ ലോകത്തിൽ ലഭിച്ചു.

മനസ്സിൽ കുമിഞ്ഞു കൂടി കിടക്കുന്ന സംശയങ്ങളുടെ തുകൽ കെട്ട് നന്നായി മുറുക്കി അവൻ മനസ്സിൻ്റെ ഒരറയിൽ പൂട്ടി വച്ചു. ഉത്തരങ്ങൾ തന്നെ തേടി വരുന്നതു വരെ ആ തുകൽ കെട്ട് അഴിയ്ക്കാതെ തന്നെയിരിക്കാൻ അവൻ ശ്രമിച്ചു. പൂ തേടിയലയുമ്പോൾ കിട്ടുന്നതു ചിലപ്പോൾ മുള്ളായിരിക്കാം, അതു നമ്മളുടെ മനസ്സിനെയും ശരീരത്തിനെയും കുത്തിനോവിക്കും, അലയേണ്ടിയിരുന്നത് ശരീരവും ആത്മാവും ഒന്നായിരുന്നപ്പോഴായിരുന്നു. ശരീരം വേർപ്പെടുമ്പോൾ അല്ലായെന്നവനു മനസ്സിലായി. താൻ യുദ്ധം ചെയ്തത് മറ്റുള്ളവരുമായിട്ടായിരുന്നില്ല.തൻ്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും താൻ അകന്നു നിൽക്കാനാഗ്രിച്ചത് തന്നിൽ നിന്നും തന്നെയായിരുന്നു. ഉള്ളിൽ കത്തുന്ന തിരി സ്വയം അണച്ച് താൻ പാപം ചെയ്തിരിക്കുന്നു. മരണത്തിനു മുമ്പുള്ള ജീവിതം വളരെ ചെറുതാണ്, എന്നാലതു കഴിഞ്ഞുള്ളത് ഏറെ വലുതാണ്. അവൻ അവരോടൊപ്പം നീങ്ങി. ആഗ്രഹങ്ങൾക്കും ആശകൾക്കും ജീവനുള്ളതു വരെയേ ആയുസ്സുള്ളുവെന്നവന് ബോധ്യമായി.

അവർ പോയി എന്ന് ബോധ്യമായപ്പോൾ വിജയൻ അവിടെ നിന്നുമെണീറ്റു, തൻ്റെ കൈ വെള്ളയിലേയ്ക്കു നോക്കി, അതു രക്തകറയായിരുന്നുവെന്ന് അയാൾക്കു അവരോടു പറയാൻ സാധിച്ചില്ല. താൻ ചെയ്ത ഒരു കൊലപാതകത്തിൻ്റെ ഫലമായിട്ടാണ് തൻ്റെ ഉള്ളം കൈ കറുത്തതെന്ന് അയാൾക്കു പറയാൻ തോന്നിയില്ല, കാരണം വൈശാഖിൻ്റെ കൈയ്യിലും ആ ഒരു രക്ത കറ അയാൾ കണ്ടിരുന്നു. അവനും ഒരു കൊലപാതകിയാണ്. സുഗതനെ അവർക്കു മനസ്സിലാക്കാൻ സാധിക്കാതിരുന്നത് അവർക്ക് സുഗതനെയായിരുന്നില്ല കാണേണ്ടതും അറിയേണ്ടതും,സുഗതൻ്റെ ആറാം വിരലിലലിഞ്ഞ പാപമായിരുന്നു. ആഗ്രഹങ്ങളും ആവശ്യങ്ങളും നമ്മളെ അന്ധന്മാരാക്കും.എത്തിച്ചേരേണ്ട സ്ഥലത്തെ പറ്റി മാത്രമായിരിക്കും നമ്മുടെ ചിന്ത, അതിന്നിടയിൽ വരുന്നവരെ നമ്മൾ ഗൗനിക്കാറില്ല, അവർക്കു സംഭവിച്ചതും അതു തന്നെയായിരുന്നു.

അവർ മൂന്നു പേരും മുക്തി ദർപ്പണത്തിന്നടുത്തിരുന്നു. ആ നീണ്ട വരിയെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. ജീവിച്ചിരുന്നപ്പോൾ മനസ്സിലാക്കാൻ പറ്റാത്ത പല കാര്യങ്ങളും അവരിപ്പോൾ മനസ്സിലാക്കി.

സുഗതൻ അടുത്തയാളെ തുപ്പൻ്റെ സന്നിധിയിൽ കൊണ്ടു വന്നു.അതു ഒരു പെൺകുട്ടിയായിരുന്നു. തുപ്പൻ വിവരങ്ങൾ ശേഖരിച്ചു. "പേര്:രേവതി
വയസ്സ്: 23
തൂക്കം: 55 കിലോ
നീളം: 5 അടി
മരണകാരണം: കാമുകൻ കുത്തി കൊന്നു.. ", "ശരിയല്ലേ..?", അയാൾ ചോദിച്ചു.
അവൾ അതെയെന്ന് മൂളി. ജീവിത പുസ്തകത്തിൽ കൈയമർത്താൻ അയാൾ നിർദ്ദേശിച്ചു. അവൾ അനുസരിച്ചു. ജീവ ലോകത്ത് ഇഷ്ടപ്പെടാത്ത കാര്യങ്ങളൊക്കെയും മറക്കുമെന്നു അയാൾ പറഞ്ഞു. അവൾ തലയാട്ടി. സ്വഹത്യ നഗരത്തിനപ്പുറമുള്ള മൃതി നഗരത്തിൻ്റെ കവാടം തുറക്കാൻ തുപ്പൻ ലവണനോടു പറഞ്ഞു. ഇനിയൊരു മടക്കയാത്രയില്ലെന്ന ബോധ്യത്തിൽ രേവതി അകത്തേക്കു കടന്നു. ആ വാതിൽ അടഞ്ഞിരുന്നു. മനസ്സിൽ നിന്നും മാഞ്ഞു പോയ കൂട്ടത്തിൽ അവളുടെ കാമുകനായ വൈശാഖും മാഞ്ഞു പോയിരുന്നു.


"ഗതേ ഗതേ പര ഗതേ പര സംഗതേ ബോധി സ്വാഹ! "

------------------------------------------

Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence