ശലഭം പറഞ്ഞത്


ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ കരഞ്ഞു കലങ്ങിയ കണ്ണുമായി, പ്രാർത്ഥനയോടെ ഞാനിരുന്നു. ജീവിതം അകലെയെന്ന് തോന്നിയ നിമിഷങ്ങളിൽ എന്നെ കൈ പിടിച്ചുയർത്തിയ എൻ്റെ അച്ഛൻ അകലേയ്ക്കു മറയുമെന്ന് ഡോക്ടർ എന്നെ അറിയിച്ചു. പ്രാർത്ഥനയോടെ ഞാൻ അവിടിരുന്നു. നാസ്തികനാകാൻ തീരുമാനിച്ച എന്നെ, ദൈവം ആ ഒരു നിമിഷം കൊണ്ട് മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. യുക്തിയുടെ വിശേഷ ഭാഗ്യം കൈവരിച്ചവൻ പോലും ആ നിമിഷത്തിൽ ദൈവത്തിൽ അഭയം പ്രാപിക്കും.ഏറ്റവും വൈകാരികമായ പ്രാർത്ഥന കാണാൻ സാധിക്കുന്നത് ദൈവത്തിൻ്റെ തിരുസന്നിധിയിലല്ല പകരം ആശുപത്രികളിലാണെന്ന് പറയുന്നത് തീർത്തും ശരിയാണ്. മനുഷ്യ മനസ്സിനും ശാസ്ത്രത്തിനുമപ്പുറം ഒരു ശക്തിയുണ്ടെന്ന് എല്ലാവരും വിശ്വസിക്കുന്നു, അതു ദൈവമെന്ന് പലരും വിശ്വസിക്കുന്നു, ഇപ്പോൾ ഞാനും.....

ഒരു പൂമ്പാറ്റയുടെ ചിറകടി പോലും വ്യക്തമായി കേൾക്കാൻ കഴിയുന്ന ആ മൂകതയിൽ, എൻ്റെ പ്രാർത്ഥനയും വിങ്ങലും മൗനമായിരുന്നു. ഒരു കണ്ണട ധാരി എൻ്റെ അടുക്കലേക്ക് വന്നു നിന്നു, അത് ഡോക്ടറായിരുന്നു.കുറച്ചു സമയം അയാൾ ഒന്നും മിണ്ടാതെ നിന്നു, ചില മൗനങ്ങൾ ആക്രോശങ്ങളെക്കാൾ മാരകമാണ്, അയാളുടെ കൈകൾ എൻ്റെ ചുമലിലേക്കു വീണു, എന്നെ അകത്തേക്കു കൂട്ടി കൊണ്ടു പോയി. ഒരു കമ്പ്യൂട്ടർ സ്ക്രീനിൽ എന്തൊക്കെയോ എനിക്കു കാട്ടി തന്നു, അതൊരു ഏറ്റുപറച്ചിലിലേയ്ക്കു എത്തരുതേയെന്ന് ഞാൻ ആഗ്രഹിച്ചു. ആഗ്രഹങ്ങൾക്കും ആശകൾക്കുമപ്പുറമാണ് വിധിയെന്ന സത്യം ഞാൻ മനപ്പൂർവ്വം മറന്നു. ഒടുവിൽ അയാൾ ആ സത്യം എന്നോടു പറഞ്ഞു. എനിക്കു തല കറങ്ങുന്നതു പോലെ തോന്നി, എന്നെ അവിടെയുള്ള ആരോ താങ്ങി.ഒരു മരവിപ്പ് എനിക്കനുഭവപ്പെട്ടു.., കേട്ടതും കണ്ടതുമെല്ലാം ഒരു ദുസ്വപ്നം മാത്രമായിരിക്കണമേയെന്ന് ഞാനാഗ്രഹിച്ചു. ജനിച്ചാൽ ഒരിക്കൽ മരിക്കുമെന്ന് പറയാറുണ്ടെങ്കിലും സ്വന്തം ജീവിതത്തിൽ അതെത്ര പേർക്ക് ഉൾക്കൊള്ളാൻ കഴിയുമെന്നെനിക്കറിയില്ല. മനസ്സിലെ ആ മരവിപ്പ് ഉരുകി യാഥാർത്ഥ്യത്തിലേക്ക് വന്നപ്പോൾ ഞാൻ കരഞ്ഞു. മരണമെന്ന സത്യം അച്ഛനെ മൂടിയിരിക്കുന്നു....എൻ്റെ അച്ഛൻ മരിച്ചു.

സുഖമമായി ഒഴുകി കൊണ്ടിരുന്ന നദി പെട്ടെന്നൊരു പാറക്കെട്ടിൽ ഇടിച്ചു ദിശാബോധം നഷ്ടപ്പെട്ടതു പോലെയായി എൻ്റെ ജീവിതവും. ആ നദിയിലെ ഓളങ്ങൾ  മറഞ്ഞില്ല, മാഞ്ഞു പോയതുമില്ല, പക്ഷേ ഒഴുക്കു നിന്നു, എന്നെന്നേക്കുമായി അല്ലെങ്കിൽ പോലും....ആ തട തീർത്തും അപ്രതീക്ഷിതമായിരുന്നു.
നികത്താനാകാത്ത വിള്ളൽ മൂടുകയല്ല, പകരം ബന്ധിപ്പിക്കുകയാണ് അഭികാമ്യമെന്ന് ഞാൻ മനസ്സിലാക്കുന്നു.
ആഗ്രഹങ്ങളാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്, നടക്കാതെ പോയ ആഗ്രഹങ്ങൾ മനസ്സിനെന്നുമൊരു വിങ്ങലാണ്, ബാക്കി വച്ച ആഗ്രഹങ്ങൾ സാധൂകരിക്കാനായിരിക്കാം ബന്ധങ്ങൾ നിലകൊള്ളുന്നത്. ബന്ധങ്ങളെക്കാൾ മൂല്യമുള്ളതായി ഒന്നും തന്നെയില്ലെന്നാണ് എനിക്കു തോന്നുന്നത്. എൻ്റെ അച്ഛൻ എന്നിലൂടെ ജീവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഓർമ്മകൾ മരിയ്ക്കാത്തയിടത്തോളം കാലം മനുഷ്യനും ജീവിക്കും. ഇനിയൊരു ജന്മം ഉണ്ടോയെന്നറിയില്ല, അറിയാത്ത പല ജന്മങ്ങളിലായി ആഗ്രഹം സാധിക്കുന്നതിലും നല്ലത് അറിയുന്ന ഈ ജന്മത്തിൽ ആഗ്രഹം സഫലീകരിക്കുന്നതാണ്. ജീവിതം വളരെ ചെറുതാണ്,കലഹിച്ചും, വെറുത്തും ജീവിതം ചെലവഴിക്കുന്നത് അധമമാണ്. ബന്ധങ്ങളുടെ കണ്ണികൾ മുറിയാതെ ജീവിത മൂല്യം കൈവെടിയാതെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

മണ്ണിൽ അടർന്നു വീണ ആ പൂവിനെ തലോടി ഒരു ശലഭം പറക്കുന്നതായി എനിക്കു തോന്നി, തിരിച്ചറിവിൻ്റെ കഥ പറയാനായി ആ ശലഭം എൻ്റെ അടുക്കലേക്ക് വന്നു. സാന്ത്വനത്തിൻ്റെ ഒരു ചെറു സ്പർശം എനിക്കു സമ്മാനിച്ചു ഇരുളിലേയ്ക്കതു പോയി മറഞ്ഞു.


"You were a good son, a caring brother,a lovable husband and an ultimate dad!...we all miss you.... 😔"

Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence