അച്ഛൻ
അകലെ മറഞ്ഞു ആ സൂര്യ ഭാസ്സ്
തമസ്സിൽ വഴുതി വീണെൻ ജീവിതം.
മയക്കം മരണത്തിൽ ലയിച്ചെന്ന സത്യം
മിഥ്യയാകണമെന്നു മോഹിച്ചു ഞാൻ.
ഇനിയില്ല ഉപദേശങ്ങൾ, ഇനിയില്ല ആദേശങ്ങൾ
ഇനിയില്ല ആക്രോശങ്ങൾ, ഇനിയില്ല വഴികാട്ടലുകൾ
ഇനിയില്ലെൻ നാഥനും, ഇനിയില്ലെൻ ശക്തിയും
ഇനിയില്ല ഇനിയില്ല ഇനിയില്ലെൻ അച്ഛൻ.
നെഞ്ചുടുക്കിൻ താളം പിഴച്ചപ്പോൾ
അരികിലുരുകിയെരിഞ്ഞെൻ മനം
അറിയില്ലെന്തു നൽകി രക്ഷിക്കണമെന്ന്
പകച്ചു പോയെൻ ജീവനും ജീവിതവും
ഈശനെ ധ്യാനിച്ചു കരഞ്ഞപ്പോൾ തെളിഞ്ഞ മുഖം
ഈശനല്ല എൻ അച്ഛനല്ലോ....
പിടഞ്ഞെൻ ചിത്തം മൊഴിഞ്ഞൊരു വരി
എന്നീശ്വരൻ എൻ താതനെന്ന്.
ഒഴുകിയ വഴിയിൽ നിറഞ്ഞ
തടയകറ്റിയതും
ഇരുൾ വീണ പാതയിൽ
വെളിച്ചമേകിയതും
എന്നിലണയാൻ തുടങ്ങിയ തീ
കൊളുത്തിയതുമെൻ അച്ഛൻ.
അത്രമേൽ പ്രിയപ്പെട്ടെന്റച്ഛൻ
മറഞ്ഞുവല്ലോ മാഞ്ഞുവല്ലോ
എരിയുമൊരു ചിരാതായി നിറയും
മനസ്സിലും ഓർമ്മയിലും
പിൻവിളി കേൾക്കാതകന്നെൻ അച്ഛൻ!
Comments
Post a Comment