ചെരാത്
I
സമയം ആറു മണിയടിച്ചിരിക്കുന്നു, കാഴ്ച്ചകളുടെ ഇന്നത്തെ അധ്യായം അവസാനിക്കാൻ നേരമായി, ജനാല അടയ്ക്കാൻ ഭാര്യ വരുന്നതും കാത്ത് അയാൾ കിടന്നു. അയാൾ ആ ഒറ്റ കൊമ്പിലിലേയ്ക്കു വീണ്ടും നോക്കി, ചെമ്പരുന്ത് പറന്നകന്നിട്ടില്ല, ആരുടെയോ വരവു പ്രതീക്ഷിച്ചിട്ടെന്ന പോലെ മൗനിയായി അവിടെ തന്നെയിരിക്കുന്നു.അയാളുടെ അനുമാനം ശരിയെന്ന് ബോധ്യപ്പെടുത്തും വിധം ഒരു പരുന്ത് കൂടെ അതിൻ്റെയടുത്തേക്ക് വന്നു, അയാൾ പുഞ്ചിരിച്ചു. ഒറ്റപ്പെടലിൻ്റെ വേദന തന്നോളം മനസ്സിലാക്കിയവരായി ആരും കാണില്ലായിരിക്കുമെന്ന് അയാൾ കരുതി, അതു കൊണ്ടു തന്നെ ആ സംഗമം അയാളിൽ സന്തോഷം പടർത്തി. കൊക്കും ചിറകുമുരുമ്മി അവർ പ്രണയത്തിൻ്റെ തീവ്രതയിലെത്തിയപ്പോഴേയ്ക്കും, അയാളുടെ ഭാര്യ കാഴ്ചകൾ മറച്ചുകൊണ്ട് ജനാലകൾ അടച്ചു. മറയുന്ന സൂര്യൻ്റെ ചെമ്പകിട്ട് മറച്ച് അവർ മുറിയിൽ ഇരുട്ടു വീഴ്ത്തി.അവർ ബൾബിൻ്റെ സ്വിച്ച് ഓൺ ആക്കി, ബൾബിൻ്റെ മങ്ങിയ മഞ്ഞ വെളിച്ചം മുറിയിൽ നിറഞ്ഞു, അയാളുടെ കണ്ണിലും... മനസ്സിലും.ഇനി ചുമരിൽ തൂങ്ങിയാടുന്ന ഫാനും, സീറോ വാട്ട് ബൾബിൻ്റെ മങ്ങിയ വെളിച്ചവും മാത്രം കാണാം, അന്നത്തെ കാഴ്ചകൾ മനസ്സിൽ താലോലിച്ച് അയാൾ ചിരിച്ചു മലർന്നു കിടന്നു..
തുടരും....
Comments
Post a Comment