I
മണിക്കൂറുകളോളം നിർത്താതെ പെയ്ത മഴ ശമിച്ചിരിക്കുന്നു. കാവിലെ വിളക്കുകൾ തെളിഞ്ഞു.തളം കെട്ടി കിടന്ന ചെളിവെള്ളത്തിൽ ചവിട്ടി മെതിച്ചു നായ്ക്കൾ കുരച്ചു കൊണ്ട് ഓടി മറഞ്ഞു. കറുത്ത ആകാശത്തിനാവരണമായി നക്ഷത്രങ്ങളും അർദ്ധ ചന്ദ്രനുമുണ്ടായിരുന്നു. നിലാവിൻ്റെ നേർ വെളിച്ചം നോക്കി ചേലികുട്ടി ജനാലയ്ക്കരികിൽ നിന്നു. കാവിൽ രാമായണ പാരായണം നടന്നു കൊണ്ടിരിക്കുകയാണ്. അസംഖ്യമായ നക്ഷത്രങ്ങളെ നോക്കി ആസ്വദിച്ചിരിക്കുന്ന ചേലികുട്ടിയുടെ സഹോദരി ഉഷയെ അവൾ ഇടയ്ക്കിടെ വീക്ഷിക്കുന്നുണ്ട്. ഉഷ രാമ മന്ത്രം ഉരുവിട്ടു കൊണ്ടിരിക്കുകയാണ്. ആ കാഴ്ചയിൽ അതൃപ്തയായി ചേലികുട്ടി തലയാട്ടി ദൂരേയ്ക്കു നോക്കി നിന്നു. എണ്ണ വറ്റാത്ത ചെരാതുകൾ കാവിനു ചുറ്റും തെളിയിച്ചിട്ടുണ്ട്. അമ്മയും അമ്മാവനും സഹോദരനും കാവിൽ പോയിരിക്കുകയാണ്. തീണ്ടാരിയായ സഹോദരി ഉഷയെ തറവാട്ടിൻ്റെ പുറത്തുള്ള ചായ്പ്പിൽ തങ്ങാൻ നിർദ്ദേശിച്ചായിരുന്നു അവർ കാവിലേയ്ക്കു പോയത്, എന്നാൽ ചേലിക്കുട്ടി ഉഷയെ തൻ്റെ മുറിയിലേയ്ക്കു വിളിച്ചു കൊണ്ടുവന്നു.'' രാമനാമം ജപിച്ചാൽ പ്രസ്നാവ്വോ...?", ഉഷ ചേലിക്കുട്ടിയോട് ചോദിച്ചു. പരിഹാസം കലർന്നൊരു ചിരിയിൽ തലയാട്ടി ചേലികുട്ടി വീണ്ടും ദൂരേയ്ക്കു നോക്കി നിന്നു. ഉഷ തൃപ്തയായിരുന്നില്ല, എന്നിരുന്നാലും അവൾ ഒന്നും ചോദിച്ചില്ല, രാമനാമം ഉരുവിടുന്നത് നിർത്തി ചേലികുട്ടിയെ നോക്കി. നിലാവിൻ്റെ വെള്ളി വെളിച്ചത്തിൽ അവളുടെ കറുത്ത മുഖം തിളങ്ങുന്നതായി ഉഷയ്ക്കു തോന്നി. കാവിൽ ഇന്നത്തെ പാരായണം അവസാനിക്കാറായി എന്ന സൂചന ലഭിച്ചപ്പോഴേക്കും ഉഷ അവിടെ നിന്നുമിറങ്ങി. ചേലികുട്ടി തടഞ്ഞില്ല, അറിഞ്ഞിരുന്നില്ലയെന്നതാകും സത്യം. അവൾ അപ്പോളും ദൂരേയ്ക്കു നോക്കി തന്നെ നിന്നു.
II
"ചേലിക്കുട്ടി കൂരയ്ക്കിപ്പറം വരും... നാൻ കണ്ടേനെന്ന് മ്വലിയും.. ആളെക്കൂട്ടി ഈ ശത്തിച്ചേക്കണം..", മൂടു കീറിയ മുണ്ടിൻ്റെയിടയിലൂടെ പൊന്തി വന്ന് തൻ്റെ പൃഷ്ടത്തെ തലോടിയ പുല്ലിനെ പറിച്ചു കളഞ്ഞു കൊണ്ട് കുങ്കൻ പറഞ്ഞു. കുങ്കൻ്റെ നിർദ്ദേശം മാലൻ തലയാട്ടി സമ്മതിച്ചു.മാലൻ്റെ തലയാട്ടലിൽ സന്ദേഹം തോന്നിയ കുങ്കൻ കാര്യം ആരാഞ്ഞു.
"ഏൻ്റെ സന്ദേയം ഓള്ടെ കൂട്ടിന് യാരേലും വന്നാലോന്നാ?", പച്ചപുല്ലിൽ അമർന്നിരുന്നു കൊണ്ട് മാലൻ ചോദിച്ചു.
" മന്ദാ! ചേലിക്കുട്ടി ചൊല്ലിയ പുത്തിയാണ്ടായിത്.. ആരുമില്ലാ നേരത്തെനടുക്കേ വരൂ.... ", വിജയം മണത്തറിഞ്ഞ രാജാവിനെ പോലെ കുങ്കൻ പറഞ്ഞു.മാലൻ തലയാട്ടി, പിന്നെ തല കുനിച്ചു. വഴിയെ പോയ രണ്ടു പച്ചുറമ്പിനെ അവൻ വിരൽ കൊണ്ട് ഞെരിച്ചു കൊന്നു. മണ്ണു തോണ്ടി ആ ഉറുമ്പുകളെ അവൻ അതിലിട്ടു മണ്ണു മൂടി, ഒരു പുൽനാമ്പും കുഴിച്ചുവച്ചു.മാലൻ്റെ ചേതി ആസ്വദിച്ച്, ചേലിക്കുട്ടിയുടെ വരവും കാത്ത്,കുങ്കനും തല കുനിച്ചിരുന്നു.
തുടരും....
Comments
Post a Comment