ഗേഹം


I
"തോടാ പീച്ചേ ഹഠോ ! തോടാ.. ഹാ.. ബസ് ബസ്.."
"നീയിതാരോടാടേ സംസാരിക്കുന്നേ... ?"
"നിക്കടാ ഒരു മിനിറ്റ്.. ഒരു മിനിറ്റ്..", തൻ്റെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ചെക്കനെ തനിക്കാവശ്യമുള്ള ഫ്രേമിൽ നിർത്തി, വിനോദ് സുഹൃത്തായ ഹരീഷിനോട് ഫോണിൽ പറഞ്ഞു.
" പസന്ത് ഹേ? ", താനെടുത്ത ഫോട്ടോ അവനെ കാട്ടി വിനോദ് ചോദിച്ചു.
അവൻ ചിരിച്ചു കൊണ്ട് തലയാട്ടി.
കൈയ്യിൽ കരുതിയിരുന്ന മിഠായികളിൽ ഒരെണ്ണം അവനു കൊടുത്തിട്ടു, അവൻ്റെ തോളിൽ തട്ടി പുഞ്ചിരിച്ചു, അവൻ ഓടിയകലുന്നതും നോക്കി വിനോദ് നിന്നു.
"ഹലോ?",മറുതലയ്ക്കൽ ശബ്ദമൊന്നും കേൾക്കാത്തതു കൊണ്ടു ഹരീഷ് ചോദിച്ചു.
''ഹാ ടാ പറയടാ..", ചെവിയിലെ ഇയർ ബഡ് സൗകര്യപൂർവ്വം നേരെയാക്കി വിനോദ് സംസാരിയ്ക്കാൻ തയ്യാറായി.
" ഹാ! എങ്ങനിണ്ട് വാരാണസി?"
"നൈസാണ്, വൈബാണ്...", പാതയിൽ അലഞ്ഞു തിരിഞ്ഞു നടന്ന ഒരു നായയെ ക്യാമറ ഫോക്കസ് ചെയ്തു കൊണ്ടു വിനോദ് പറഞ്ഞു.,"ശ്ശേ!", തൻ്റെ ഫ്രെയിം വൃത്തികേടാക്കി മുറുക്കി തുപ്പിയ ഒരു കാഷായ ധാരിയോടുള്ള അമർഷം മനസ്സറിയാതെ അവൻ്റെ ചുണ്ടുകളേറ്റെടുത്തിരുന്നു.എന്നാൽ അതിനു ചെവി കൊടുക്കാതെ അയാൾ പാൻ ചവച്ചു കൊണ്ടു നടന്നു.അഴുക്കുകൾ പടരാത്തയിടം തെരഞ്ഞുപിടിച്ചു അയാൾ തുപ്പി ആനന്ദം കണ്ടെത്തുന്നതായി അവന് തോന്നി. "കാവിയുമിട്ട് ഇറങ്ങിയേക്കുവാ..." സുരക്ഷിതമായ അകലം കൈവരിച്ചെന്ന് ബോധ്യമായപ്പോൾ വിനോദ് പിറുപിറുത്തു.
"നീയിതാരോടാടേ പറയുന്നേ... ഫോൺ വിളിച്ചിട്ട് വല്ലോരോടും സംസാരിക്കുന്നോ?", ക്ഷമകെട്ട് ഹരീഷ് ചോദിച്ചു.
ഹരീഷിൻ്റെ അമർഷത്തിൻ്റെ ആദ്യോത്തരമായി വിനോദ് പൊട്ടിച്ചിരിച്ചു.
"നീ പറ..", വിനോദ് കൂട്ടിച്ചേർത്തു.
"നീ പറ.. നീയല്ലേ കൂടും കൂട്ടുമൊക്കെ കളഞ്ഞ് പറക്കുന്നേ... നമ്മളൊക്കെയിപ്പോളും വീട്ടിൽ തന്നെ.. "
"ഉവ്വുവ്വേ...", ഹരീഷിൻ്റെ സംസാരത്തിൽ പരിഹാസം കലർന്നത് മനസ്സിലായ വിനോദ് ചിരിയോടെ പറഞ്ഞു.
"നീ വീട്ടിൽ വിളിച്ചില്ലേ?"
അങ്ങനൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നുവെന്ന മട്ടിൽ അവൻ ചിരിച്ചു.
"നീ കേട്ടില്ലേ?", ഉത്തരം ലഭിക്കാത്തതു കൊണ്ട് ഹരീഷ് ചോദിച്ചു.
" കേട്ടടാ... ഞാൻ വിളിച്ചില്ല..."
"നീ മുഴുവനായി അവരെ ഉപേക്ഷിച്ചോ?"
" ഗംഗാ ആർതി  കബ് ഹൈ?", കരിമ്പിൻ ചാറ് പിഴിഞ്ഞു കൊണ്ടിരുന്ന ഒരു പയ്യനോട് അവൻ ചോദിച്ചു.
"സാത് ബജേ " "ഗന്നാ ജ്യൂസ്, ഭയ്യാ ?"
അവൻ വേണ്ടന്ന് തല കുലുക്കി. അവൻ സമയം നോക്കി ആറ് മണി ആകുന്നതേയുള്ളായിരുന്നു.
" നിൻ്റമ്മ എന്നെ വിളിച്ചിരുന്നു.. ഞാനങ്ങനെ അവര് കരയുന്നതും കേട്ടു"
"എൻ്റെത് നിനക്ക് പിന്നെ പുത്തരിയല്ലല്ലോ..?"
"ഞാനെന്ത് പറയണം"
"ഞാൻ ചത്തിട്ടില്ലെന്ന് പറ"
"ടാ നീ വിചാരിക്കുന്ന പോലൊന്നുമല്ല അവർക്ക് ശരിക്കും സങ്കടമുണ്ട്, നീ അമ്മയെയൊന്ന് വിളി.."
"ടാ നിന്നെ ഞാൻ അങ്ങട് വിളിക്കാം.. ബൈ ", ബസാറിൻ്റെ ഇടനാഴിയിലെ തിരക്കേറിയ പാതയിൽ കൂടി നടന്ന് അവൻ പറഞ്ഞു.വെളിച്ചം മങ്ങി തുടങ്ങിയതോ അതോ കണ്ണീർ കാഴ്ച മറച്ചതോ അവൻ്റെ കാഴ്ചകളിൽ ഒരു വ്യക്തത കുറവ് അവനനുഭവപ്പെട്ടു.
മനസ്സ് ഓർമ്മകളുടെ കയത്തിൽ മുങ്ങിത്താഴുന്നതിനു മുന്നേ അവൻ്റെ ക്യാമറ ആൾക്കൂട്ടത്തിനെ ചറപറാ ക്ലിക്ക് ചെയ്തു.
ദശാശ്വമേധ് ഗട്ടിലേയ്ക്കായിരുന്നു അവൻ്റെ യാത്ര. അര മണിക്കൂർ നടന്ന് അവൻ ലക്ഷ്യസ്ഥാനത്തെത്തി ചേർന്നു.അവിടെയെത്തിയപ്പോൾ അവൻ അത്ഭുതപ്പെട്ടു, സൂചി കുത്താനൊരിടം പോലുമില്ലാതെ ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്നു. പടവുകളിലും, ബോട്ടുകളിലും, കാൽ നിലത്തുറപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളിലെല്ലാം ആളുകൾ ഉണ്ടായിരുന്നു. നിരാശനായ അവൻ ആ തിരക്കിലെ ചുഴിയിൽപ്പെട്ട് എങ്ങോട്ടോ സഞ്ചരിച്ചു.തിരക്കിനിടയിൽ ചെവിയിൽ തിരുകിയിരുന്ന ബഡ് തെറിച്ചു പോയി. ആകെ കുഴഞ്ഞു പോയ അവൻ്റെ രക്ഷയ്ക്ക് ഒരാൾ അവതരിച്ചു. കേടുപാടുകളൊന്നും കൂടാതെ അയാൾ ബഡ് അവനെ ഏൽപ്പിച്ചു.
"മേരേ ലിയേ ഏക്ക് ചായ് ഖരീദോ.മേൻ തുമേ ആരതി ദേഖനേ കേ ലിയേ ഏക്ക് ബെഹത്തർ ജഗഹ് പേ ലെ ജാവൂങ്കേ..", മന്ത്രങ്ങളുടെയും, പ്രാർത്ഥനകളുടെയും, ഭജനകളുടെയും ഇടയിൽക്കൂടി അയാൾ പറഞ്ഞൊപ്പിച്ചു.
" പെഹലേ, മുജേ വഹാ ഹേ ചലോ."
"ക്യാ? ", ബഹളത്തിന്നിടയിൽ വ്യക്തമാകാത്തതു കൊണ്ട് അയാൾ ചോദിച്ചു.
"പെഹലേ, മുജേ വഹാ ഹേ ചലോ.., ഫിർ മേൻ തുമ്ഹാരേ ലിയ് ചായ് ഖരീദൂങ്കാ...", ആവുന്നത്ര ഉച്ചത്തിൽ വിനോദ് പറഞ്ഞു.
"ഹാ! ഹാ! ടീക്ക് ഹെ ", " മേരേ പീച്ചേ ആവോ.. "
അയാളുടെ നിർദ്ദേശാനുസരണം വിനോദ് അയാളെ പിന്തുടർന്നു. വാഗ്ദാനം ചെയ്ത ചായ നഷ്ടപ്പെടാതിരിക്കാൻ അയാൾ അവനെ സദാ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഒടുവിൽ അവർ ഒരു ബോട്ടിനടുത്തെത്തി.
"ദാദൂ, ഉസേ ഹമാരേ ജഗഹ് ദിഖാവോ..." " ഉസേ 200 റുപയേ ദോ ", അയാൾ വിനോദിനോട് പറഞ്ഞു.
മടിച്ചു നിന്ന വിനോദിനോട് അയാൾ പറഞ്ഞു, "മുജേ പർ വിശ്വാസ് കരോ സാർ, ആപ്പ് നിരാശ് നഹീ ഹോങ്കേ.."
വിനോദ് പോക്കറ്റിൽ നിന്ന് രണ്ടു നൂറിൻ്റെ നോട്ടുകൾ പുറത്തെടുത്തു," മേൻ ആപ്പ്ക്കോ അഭീ 100 ദൂങ്കാ, ഔർ ജബ് മേൻ സന്തുഷ്ട് ഹോ ജാവൂങ്കാ തോ മേൻ ആപ്പ്ക്കോ ശേഷ് 100 ദി ദൂങ്കാ.. ടീക്ക് ഹൈ?"
നിമിഷ നേരത്തിൻ്റെ ആലോചനയ്ക്ക് ശേഷം അവർ രണ്ടും സമ്മതിച്ചു.വിനോദ് നൂറ് രൂപ ദാദൂൻ്റെ കൈയ്യിൽ കൊടുത്തു.പത്ത് രൂപാ അയാൾക്കും കൊടുത്തു.ദാദു ബോട്ട് അധികം തിരക്കില്ലാത്തയിടത്തേക്കു തുഴഞ്ഞു.ബോട്ട് തീരം വിടുന്നതിനു മുന്നേ വിനോദ് അയാളുടെ ഫോട്ടോ എടുത്തു.
നദിയെ അമ്മയായി കണ്ടു ആരതി ഉഴിഞ്ഞു നന്ദി പറയുക, അതേ നദിയിൽ മാല്ലിന്യം കൊണ്ടിട്ട് കളങ്കമാക്കുക.അതിലെ യുക്തിയെ ചോദ്യം ചെയ്യാൻ അവന് തോന്നിയില്ല. മന്ത്രങ്ങളുടെയും ഭജനകളുടെയും പ്രസരത്തിൽ അവൻ യാന്ത്രികമായി കൈകൂപ്പി.
ബോട്ട് തിരികെ തീരത്തടുപ്പിച്ച സമയത്ത് തന്നെ അവൻ ബാക്കി നൂറു രൂപ കൂടി കൊടുത്തു. മൊബൈലിലെ സിം കാർഡ് ഗംഗയിലേയ്ക്ക് ഊരിയെറിഞ്ഞ്, വർണ്ണാഭമായ ദിയകളുടെയും, ലൂമിനസെൻ്റ് ലൈറ്റുകളുടെയുമിടയിൽ ഓർമ്മകളെ ഞെരിച്ചു അവൻ നടന്നു, പറക്കുകയെന്നത് മാത്രം ലക്ഷ്യം വെച്ച ദേശാടനക്കിളികളെ പോലെ.


തുടരും....




Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence