capernaum

'2020' - അശാന്തിയുടെയും, അനിശ്ചിതത്വങ്ങളുടെയും വർഷമായി മാത്രമല്ല, വൈരുധ്യങ്ങളുടെയും, വൈവിധ്യങ്ങളുടെയും വർഷമായി അടയാളപ്പെടുത്താനാണ് എനിക്കിഷ്ടം. ലോകം വീടുകളിലേയ്ക്കു ചുരുങ്ങിയ അതേ നാളുകളിൽ തന്നെയാണ് ഞാൻ ലോകത്തേയ്ക്കു പടർന്നതും.
ഇംഗ്ലീഷിലും കൊറിയനിലും മാത്രമായി ഒതുങ്ങി കൂടിയ എൻ്റെ വിദേശഭാഷാ സിനിമാസ്വാദനത്തിന് മാറ്റം നൽകിയ സിനിമ. ലെബനീസിനെയും, ടർക്കിഷിനെയും, സെർബിയനെയും, ഇറാനിയനെയുമൊക്കെ തേടിയിറങ്ങാൻ പ്രേരിപ്പിച്ച സിനിമ.
എന്നിലെ സിനിമാസ്വാദകന് വേറെയൊരു മാനം സമ്മാനിച്ച സിനിമ. എന്നെ ഏറ്റവുമധികം സ്വാധീനിച്ച സിനിമ, 2018ൽ റിലീസായ നദീൻ ലെബാക്കിയുടെ ലെബനീസ് ചിത്രം, "കാപ്പർനാം".

"സിനിമ കണ്ടു കഴിഞ്ഞും, അതിലെ കഥാപാത്രങ്ങളും, കഥാപരിസരവും മനസ്സിൽ നിന്നു മായാതെ നിൽക്കുന്ന ഒരവസ്ഥ. ചിരിക്കാനും, കരയാനും കഴിയാത്ത അസ്വസ്ഥതയിലേക്കു മനസ്സിനെ നയിക്കുക.", ഏതാണ് ഒരു മികച്ച ചിത്രം? എന്ന ചോദ്യത്തിനു എനിക്ക് നൽകാനുള്ള മറുപടിയാണിത്.

ഒരാളെ കുത്തിയ കേസിൽ വിചാരണ നേരിടുന്ന സെയിൻ എന്ന പന്ത്രണ്ട് വയസ്സുകാരനിലൂടെയാണ് സിനിമ തുടങ്ങുന്നത്. 5 വര്‍ഷത്തെ തടവിന് അവൻ ജുവനൈൽ ഹോമിൽ അടക്കപ്പെട്ടിരിക്കുകയാണ്.കോടതിമുറിയിൽ നിന്ന് ആരംഭിക്കുന്ന സിനിമ ഫ്ലാഷ്ബാക്കിലൂടെയാണ് പുരോഗമിക്കുന്നത്. തന്നെ ജനിപ്പിച്ചതിന്‍റെ പേരില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് കൊടുത്ത് കോടതി കയറ്റുകയാണ് സെയിന്‍. അദ്ഭുതപ്പെട്ട മജിസ്ട്രേറ്റിന് മുന്നിൽ തന്‍റെ കഥ പറയുകയാണ് അവൻ. സെയിന്‍റെ വാക്കുകളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന, കുറെ കുട്ടികള്‍ ഉള്ള ഒരു കുടുംബമാണ് സെയിന്‍റേത്. മാതാപിതാക്കള്‍ അവന്‍റെ ജനനം പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. രാജ്യത്ത് അങ്ങനെ ഒരാള്‍ ജീവിച്ചിരിക്കുന്നു എന്നതിന് പോലും രേഖകള്‍ ഇല്ല എന്നത് ജീവിതാനുഭവത്തിന്‍റെ ഒരു ഘട്ടത്തില്‍ സെയിനിനെ അസ്വസ്ഥനാക്കുന്നു. ഇനി കുഞ്ഞുങ്ങളെ ജനിപ്പിക്കരുതെന്നാണ് കോടതിക്ക് മുമ്പാകെ അവന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്നത്.

സ്കൂളില്‍ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും  ദാരിദ്ര്യം മൂലം സെയിന് സാധിക്കുന്നില്ല. മക്കളുടെ കാര്യങ്ങളില്‍ ഉപേക്ഷ കാണിക്കുന്ന മാതാപിതാക്കളോട് സെയിന് അമര്‍ഷമുണ്ടെങ്കിലും പ്രിയ സഹോദരി സഹാറിന്‍റെ വേര്‍പാടോടെയാണ് പ്രതിഷേധമായി അത് പുറത്തുവരുന്നത്. ചെറിയ ചില ജോലികള്‍ ചെയ്ത് സഹോദരിമാര്‍ക്ക് തുണയായി കഴിയുന്ന സെയ്നാണ് 11 വയസുള്ള  സഹോദരി  സഹാറിനെ അച്ഛനമ്മമാരെക്കാളും  സ്നേഹത്തോടെയും കരുതലോടെയും കാത്തുസൂക്ഷിക്കുന്നത്. സഹോദരിക്ക് ആദ്യമായി ആര്‍ത്തവം ഉണ്ടാകുമ്പോള്‍ അവള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്ത് നല്‍കുന്നതും കുട്ടി സെയിൻ തന്നെ. പ്രായപൂര്‍ത്തിയാവും മുമ്പ് അവളെക്കാള്‍ മുപ്പതുവയസ്സെങ്കിലും പ്രായക്കൂടുതല്‍ ഉള്ളയാളുടെ ഭാര്യയായി സഹാറിനെ വീട്ടില്‍ നിന്ന് ഇറക്കിവിടുമ്പോള്‍ തടയാന്‍ ശ്രമിക്കുകയും പരാജയപ്പെടുമ്പോള്‍ പൊട്ടിക്കരയുകയും ചെയ്യുന്നു.
സഹോദരിയുടെ വേര്‍പാടോട് കൂടിയാണ് മാതാപിതാക്കളെ ഉപേക്ഷിച്ച് സെയിൻ തെരുവിലേക്ക് ഇറങ്ങുന്നത്. തൊഴില്‍ തേടി നടക്കുന്ന സെയിൻ പിന്നീട്  എത്യോപ്യൻ അഭയാർത്ഥിയായ യുവതിയുടെയും അവളുടെ ഒരു വയസ്സുള്ള കുട്ടിക്കും ഒപ്പം കൂടുന്നു. കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളും അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങളും ചിത്രത്തിലെ കഥാനിമിഷങ്ങളില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്. അധികം വൈകാതെ ആ കുഞ്ഞിന്‍റെ ഉത്തരവാദിത്വം സെയിനിന് ഏറ്റെടുക്കേണ്ടിവരുമ്പോഴും ബാല്യത്തിന്‍റെ നിഷ്കളങ്കതയിലുപരിയായി പക്വത അവന്‍റെ പ്രവര്‍ത്തികളില്‍ പ്രകടമാകുന്നു. യുവതിയുടെ അഭാവത്തിലും കുഞ്ഞിനെ സ്വന്തം സഹോദരനെ പോലെ സംരക്ഷിക്കുന്ന സെയിൻ മനുഷ്യത്വത്തിന്‍റെ പ്രതീകമാണെങ്കില്‍, കുഞ്ഞിനെ വാങ്ങാന്‍ ശ്രമിക്കുന്ന യുവാവ് സമൂഹത്തിന്‍റെ മനുഷ്യത്വമില്ലായ്മയുടെ പ്രതീകമാണ്.
മുതിർന്നവരുടെ മോശം തീരുമാനങ്ങളുടെ ദുരിതഫലം അനുഭവിക്കുന്ന കുട്ടികളെ കൊണ്ടുതന്നെ കഥപറയിപ്പിക്കുകയാണ് കാപര്‍നം. തെരുവുകളില്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന നൂറുകണക്കിനു കുട്ടികളുടെ കഥ. ദാരിദ്ര്യത്തിന്‍റെ തീവ്രത ഉറക്കെ വിളിച്ച് പറയുന്നതാണ് സിനിമയുടെ കഥാപരിസരമായ തെരുവുകള്‍.
ചിത്രത്തിലെ കഥാപാത്രങ്ങളിൽ പലരും നടീനടന്മാര്‍ പോലും അല്ലാത്തവരാണെന്നതാണ് പ്രത്യേകത. പലരേയും ചേരികളിലും മറ്റും അഭയാര്‍ഥികളായി കഴിയുന്നവരിൽ നിന്ന് തന്നെ കണ്ടെത്തിയതാണ്. അതിനാൽ തന്നെ ഇവരാരും സ്ക്രീനിൽ അഭിനയിക്കുന്നതായേ തോന്നുകയില്ല, ജീവിക്കുകയാണ്. അത് തന്നെയാണ് ഈ സിനിമയുടെ മേന്മയും. സിറിയൻ യുദ്ധം കഴിഞ്ഞ് അവിടേക്ക് കുടിയേറിപ്പാർത്ത ലെബനന്‍ അനധികൃത അഭയാർത്ഥികളുടെ ജീവിതം കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. അതോടൊപ്പം അവര്‍ക്കിടയിലെ ബാലപീഡനം, പട്ടിണി, നിസ്സഹായത, ബാലവിവാഹം തുടങ്ങിയ ഒത്തിരി അവസ്ഥകളും ചിത്രം തുറന്നുകാണിക്കുന്നുണ്ട്.
ഒരു നിമിഷം പോലും വിരസത അനുഭവിക്കാതെ സെയിനിൻ്റെ ജീവിതത്തിലൂടെ ഒരു കവിത പോലെ കാണുന്ന പ്രേക്ഷകനും ഒഴുകും.ദരിദ്രരുടെയും കുടിയേറ്റക്കാരുടെയും ജീവിത തലങ്ങൾ തുറന്ന് കാണിക്കുന്ന സിനിമ, മത ജീവിതവും മതം മുന്നോട്ട് വയ്ക്കുന്ന പിന്തിരിപ്പൻ ആശയങ്ങളും ഏച്ചുക്കെട്ടലില്ലാതെ തന്നെ വരച്ചു കാട്ടുന്നു.നിരവധി കഥാപാത്രങ്ങള്‍ സിനിമയുടെ ഒഴുക്കിൽ വന്നുപോകുന്നുണ്ടെങ്കിലും അവര്‍ക്കെല്ലാം വ്യക്തമായ ഒരു ഐഡന്‍റിറ്റി ഉണ്ടാക്കാൻ തിരക്കഥയൊരുക്കിയവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം അതീവ ഹൃദ്യമായ ഛായാഗ്രഹണവും എഡിറ്റിങ്ങും സന്ദർഭത്തിനൊത്തുള്ള സംഗീതവും കാപര്‍നോമിനെ ഒരു ലോകോത്തര സിനിമയാക്കുന്നുണ്ട്.
മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷൻ, ഏഷ്യ പസഫിക് സ്ക്രീൻ അവാര്‍ഡ്സിൽ മികച്ച സംവിധായകയ്ക്കുള്ള പുരസ്കാരം, ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സിൽ മികച്ച ഇംഗ്ലീഷ് ഇതര സിനിമയ്ക്കുള്ള നോമിനേഷൻ, കാൻ ഫെസ്റ്റിവലിൽ പാംഡിഓർ നോമിനേഷൻ, ജൂറി പുരസ്കാരം, എക്യുമെനിക്കൽ ജൂറി പുരസ്കാരം, എഫ്ഐസിഎഫ്എയിൽ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരം, ഗോള്‍ഡൻ ഗ്ലോബ് അവാര്‍ഡ്സിൽ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള നോമിനേഷൻ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഐഎഫ്എഫ്ഐ, ഐഎഫ്എഫ്കെ വേദിയിലും ഈ ചിത്രം ഏറെ തിളങ്ങിയിട്ടുണ്ട്.
സെയിൻ്റെ നിഷ്ക്കളങ്കമായ ചിരിയിൽ അവസാനിക്കുന്ന സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയമിതാണ്, "Better not to be a parent, than a bad parent!"

Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence