മാധവി


You can replace lies with truth; but myth is only displaced with a narrative.

l
തെന്നി മായുന്ന ഓർമ്മകൾക്കൊപ്പം മിന്നി മറയുന്ന റോഡരികിലുള്ള കടകളുടെ ഫ്ലെക്സുകളും, ബോർഡുകളും കുറച്ചു നേരം അവളുടെ കണ്ണുകൾ തിരസ്ക്കരിച്ചു. പരിചിതമായ ഒരു ബോർഡ് കണ്ടിട്ടെന്ന വിധം  ആകുലതയോടെ അവൾ അടുത്തിരുന്ന യാത്രക്കാരിയോട് ചോദിച്ചു, " ചേച്ചി.. കണ്ണ്വത്ത് മുക്ക് കഴിഞ്ഞോ?" "ഇല്ല, അടുത്തേൻ്റെ അടുത്ത സ്റ്റോപ്പാ.. ", വലത് കൈ സീറ്റിൻ്റെ കമ്പിയിൽ മുറുകെപ്പിടിച്ച്, ഇടതു കൈ കൊണ്ട് തൻ്റെ മടിയിലെ പ്ലാസ്റ്റിക്ക് സഞ്ചി വീഴാതെ ചേർത്തു പിടിച്ച്, ഒരൽപ്പം ആധികാരിതയോടെ അവർ മറുപടി പറഞ്ഞു.ആകുലതയകന്ന്, ഒരാശ്വാസച്ചിരി അവർക്ക് സമ്മാനിച്ച്, തൻ്റെ മടിയിൽ കിടന്ന ബാഗിനെ ചേർത്തു പിടിച്ച് അവൾ ഇരുന്നു. മനസ്സ് ഓർമ്മകളുടെ കയത്തിൽ വീഴുന്നതിനു മുന്നേ അടുത്തിരുന്ന യാത്രക്കാരി സ്റ്റോപ്പ് എത്താറായെന്ന് അവൾക്ക് മുന്നറിയിപ്പ് കൊടുത്തു, അവർക്കൊപ്പം കണ്ടക്ടറിൻ്റെ ലേലം വിളി കൂടിയായപ്പോൾ അവൾ സീറ്റിൽ നിന്നുമെണീറ്റു.

II

തിളക്കം നഷ്ടപ്പെട്ട കണ്ണിനു ചേരും പടിയായി തിളക്കം നഷ്ടപ്പെട്ട സാരിയുടുത്ത മാധവി, സ്റ്റോപ്പിൽ നിന്നും മുന്നോട്ടു നടന്നു തുടങ്ങി. വേലികൾ അപ്രത്യക്ഷമായി മതിലുകൾ ഉയർന്നു വന്നതിൽ അവളിൽ യാതൊരു വിധ ഭാവമാറ്റവും ഉണ്ടാക്കിയില്ല. കുറച്ചകലെയുള്ള തീവണ്ടി പോസ്റ്റിൽ ചുവന്ന വെളിച്ചം തിളങ്ങുന്നത് കണ്ട് സധൈര്യം അവൾ സമാന്തരമായി നീളുന്ന പാളത്തിലൂടെ നടന്നു. തോളിലെ വലിയ ബാഗ് നടക്കുന്നതിന്നിടയിൽ പലപ്പോഴും അവളുടെ തോളിൽ നിന്നുമൂർന്നിറങ്ങി കൊണ്ടിരുന്നു. അൽപ്പം ആയാസപ്പെട്ട് അവൾ വീണ്ടും ബാഗിനെ തൻ്റെ തോളിലേയ്ക്ക് വലിച്ചിട്ട് മുന്നോട്ടു നടന്നു.

III

ഓർമ്മകളുടെ കാന്തിക ശക്തി അവളുടെ നടപ്പിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. വൈമനസ്യം അവളുടെ നടത്തത്തിൻ്റെ വേഗം കുറച്ചു. ഗേറ്റിൻ്റെ മതിലിൽ തെളിഞ്ഞ അക്ഷരങ്ങളിലേയ്ക്ക് അവൾ കണ്ണെറിഞ്ഞ് നിശ്ചലമായി നിന്നു. പാതി തുറന്ന ഗേറ്റിൻ്റെ അകത്തളത്തിലേയ്ക്കു അവൾ തുറിച്ചു നിന്നു. അവളുടെ മനസ്സിൻ്റെ ഭാരം, അവളുടെ പേശികളിലേയ്ക്കും തുടർന്നു. വർഷങ്ങൾക്കു ശേഷം തൻ്റെ വീട്ടിലേയ്ക്കു തിരിച്ചു വന്ന ഗൃഹാതരത്വമൊന്നും അവളിൽ ഉണ്ടായില്ല, ആക്രോശങ്ങളും, വിങ്ങലുകളും അവളെ മുഴുവനായി മൂടി.തിരിഞ്ഞു നടക്കാൻ ഭാവിച്ച അവളുടെ കണ്ണിൽ വീടിൻ്റകത്തളത്തു നിന്നും ഒരു രൂപം തെളിഞ്ഞു. അവൾ ഒരു നിമിഷം ആ പുരുഷ രൂപത്തിലേയ്ക്കു സൂക്ഷിച്ചു നോക്കി, "ചേട്ടൻ!", അവളുടെ മനസ്സും, ചുണ്ടുകളും നിശബ്ദമായി ഉരുവിട്ടു. ഗേറ്റിൻ്റെ പിറകിലെ രൂപം ചേട്ടനും കണ്ടെന്ന് മനസ്സിലാക്കിയവൾ തിരിച്ചു പോക്കിൽ നിന്നും വ്യതിചലിച്ചു മുന്നോട്ടേക്കാഞ്ഞു. അപരിചിതരാരോ കടന്നു വരുന്നെന്ന ശരീരഭാഷയിൽ അയാൾ സിറ്റൗട്ടിൽ നിന്നും പതിയെ ഇറങ്ങി വന്നു. മുക്കാലും നരച്ച തലമുടിയിലൊന്നു വിരലോടിച്ച ശേഷം അയാൾ തൻ്റെ ഭാര്യയേ വിളിച്ചു.
തൻ്റെ സഹോദരിയെ തിരിച്ചറിയാൻ കഴിയാതെ പോയ ചേട്ടനോട് അവൾക്ക് തെല്ലും ദേഷ്യമോ, നിരാശയോ തോന്നിയില്ല, അവൾക്കടയാളമായി മതിലിൽ കൊത്തിവച്ചിരുന്ന പേരും, വീടിന്നരികിലായി പൂത്തു നിൽക്കുന്ന തന്നേക്കാൾ പ്രായമുള്ള മാവുമുണ്ടായിരുന്നു. വീട് പുതുക്കി പണിഞ്ഞിട്ടും മാവ് മുറിക്കാതിരുന്ന തൻ്റെ അച്ഛൻ്റെയും ചേട്ടൻ്റെയും തീരുമാനത്തോട് ജീവിതത്തിലാദ്യമായി അവൾക്ക് ബഹുമാനം തോന്നി. തൻ്റെ ആദ്യ, ഒരു പക്ഷേ ഏക പ്രണയമായ ആ മൂവാണ്ടൻ മാവിൻ്റെ ചോട്ടിലേയ്ക്കു യാന്ത്രികമായി അവൾ നടന്നു. ആ തണലിൽ ഒരുപാട് നേരം ഇരിയ്ക്കാൻ കൊതിയുണ്ടായിരുന്നെങ്കിലും, ഒരു പരിചയം പുതുക്കലിനുള്ള സമയം ആഗതമായിരിക്കുന്നുവെന്ന് അവൾക്ക് മനസ്സിലായി. "താങ്ക്യൂ.., ഈ മാവ് മുറിയ്ക്കാണ്ടിരുന്നതിന് '', മാവിനെ നാേക്കി അവൾ അവരോടായി പറഞ്ഞു," വേരുകൾ പറ്റെ അറക്കാണ്ടിരുന്നതിന്..." അവൾ തുടർന്നു, "പതിനെട്ടു വർഷത്തിനു ശേഷമുള്ള കൂടിക്കാഴ്ച്ചയിൽ പേര് പറഞ്ഞ്, അതും സ്വന്തം ചേട്ടനോട് പരിചയം പുതുക്കുന്നത് അപഹാസ്യമെന്ന് തോന്നിയതു കൊണ്ടല്ല, മറവി കവർന്നവരുടെ കൂട്ടത്തിൽ എൻ്റെ ചേട്ടനില്ലായെന്ന് വിശ്വസിക്കുന്നത് കൊണ്ടാ..."

"മാധവി" ,അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.അവളുടെ മുഖം തെളിഞ്ഞു.




തുടരും....

Comments

Popular posts from this blog

മാധവി

മുക്തി

Peace or Persistence