കാലിഗ്രഫി
1
അമ്പലത്തിൽ കുട്ടികളുടെ ഡാൻസ് പരിപാടി തിമിർക്കുകയായിരുന്നു. വയനാട് വരെ പോയി PSC പരീക്ഷ എഴുതി വന്ന കണ്ണൻ ക്ഷീണം മറന്ന്, തോളിൽ ബാഗുമിട്ട് ഡാൻസ് ആസ്വദിക്കുകയാണ്. കാണികളെ ആവേശത്തോടെ വേദിയിലേക്ക് ക്ഷണിക്കുകയാണ് കുട്ടികൾ. തന്റെ ചുറ്റിനുമുള്ളവർ ആവേശത്തോടെ വേദിയിൽ തുള്ളുന്നത് കണ്ട കണ്ണനും അവരോടൊപ്പം പോകണമെന്നുണ്ടായിരുന്നു. എന്നാൽ സങ്കോചത്തോടെ അയാൾ അവിടെ തന്നെ നിന്നു . ഡാൻസിന്റെ പാരമ്യത്തിൽ കണ്ണന് സ്വയം നിയന്ത്രിക്കാനാവാതെ സ്റ്റേജിലേക്ക് ചാടി കയറി. പാട്ട് നിന്നു. കട്ടികൾ നന്ദി സൂചകമായി കൈ വീശി. താനൊരു പരിഹാസ കഥാപാത്രമായി എന്ന് കണ്ണന് തോന്നി. ആ ഭൂമി പിളർന്ന് താഴേക്ക് പോകാൻ അവൻ ആ നിമിഷം ആഗ്രഹിച്ചു.
2
പ്രായഭേദമന്യേ ആളുകൾ മൈതാനത്തിൽ ഫുട്ബോൾ കളിക്കുന്ന നേരത്ത്, കളത്തിന് പുറത്ത് ദൂരേയ്ക്ക് കണ്ണെറിഞ്ഞ് ആലോചനകളിൽ മുഴുകിയിരിക്കുകയാണ് കണ്ണൻ.അവന്നരികിലായി ഫോൺ സ്ക്രോൾ ചെയ്തു കൊണ്ട് രാകേഷുമിരിപ്പുണ്ട്. ചിന്തകളെയും, കണ്ണുകളെയും തടസ്സപ്പെടുത്തി ഒരു ബോൾ കണ്ണൻ്റെ മുന്നിൽ കൂടി പോയി. അതിൽ അതൃപ്തനെന്നോണം അവൻ പുലമ്പി, "പിള്ളേര്....""കണ്ണൻ ചേട്ടനിറങ്ങുന്നില്ലേ..?", ബോളിൻ്റൊപ്പം കുതിച്ച മനു, ബോളെടുത്ത് അരയിൽ പ്രതിഷ്ഠിച്ച് തിരികെ കളത്തിലേക്കിറങ്ങുന്ന സമയത്ത് കണ്ണനോടു ചോദിച്ചു.
"ഇല്ലടാ ഉവ്വേ.. ", വാക്കുകളിൽ അവശത ചേർത്ത് കണ്ണൻ തുടർന്നു, '' ഇന്ന് ക്രിക്കറ്റ് ആന്ന് കരുതി വന്നയാ.. ", "കാല് വയ്യന്നേ.. ", കാലൊന്ന് നീട്ടി തടവി അവൻ പറഞ്ഞു.
മറുപടി തല കുലുക്കലിലൊതുക്കി മനു ബോൾ ത്രോ ചെയ്തു.
കണ്ണൻ, ശ്രദ്ധ ഫുട്ബോളിലേക്ക് തിരിച്ചു.
" നിങ്ങള് ടൂർ കഴിഞ്ഞ് എപ്പ വന്ന്..?"
ശബ്ദം കേട്ട ഭാഗത്തേക്ക് കണ്ണൻ തിരിഞ്ഞു. കുപ്പായത്തിൻ്റെ ബട്ടണുകൾ പാതിയും തുറന്ന്, അകത്തെ ജേഴ്സി വെളിവാക്കി, തൻ്റെ ബൂട്ട് ഒരു പ്ലാസ്റ്റിക്ക് കവറിൽ ചുരുട്ടി പിടിച്ച് കൃഷ്ണനെന്ന കിച്ചു നടന്നു വരുകയാണ്.
"ടൂറോ.. എക്സാമായിരുന്നടാ ഉവ്വേ.. psc ", കിച്ചൂൻ്റെ ചോദ്യത്തിൻ്റെ പൊരുൾ ലവലേശം മനസ്സിലാക്കാതെ കണ്ണൻ ഉത്തരം പറഞ്ഞു.
"രണ്ടുമൊന്നു തന്നെയല്ലേ...", സിനിമാ ഡയലോഗ് അനുകരിച്ച് കിച്ചു പറഞ്ഞു.
"ഓ.. ആക്കിയതാർന്നോ..? ", പരിഹാസം മനസ്സിലായപ്പോൾ കണ്ണൻ ചോദിച്ചു.
"നിങ്ങളീ PScന്നും എക്സാമെന്നും പറഞ്ഞ് എത്ര നാള് നടക്കുമപ്പാ, വേറെയെന്തേലും നോക്കന്നേ..", ഷർട്ടൂരി കൊണ്ട് കിച്ചു പറഞ്ഞു.
" നിൻ്റെ degree തീരാൻ എത്ര നാളൂടിയുണ്ട്..?"
"ആറു മാസം"
" പാക്കലാം.. "
"ഞാനൊന്നും എഴുതത്തില്ല, അഥവാ എഴുതിയാലും അടുത്തെങ്ങാനും വക്കും, നിങ്ങളെ പോലെ വയനാടും കാസറോടുന്നും വേണ്ടേ..", കവറഴിച്ചു ബൂട്ടൊന്ന് കുടഞ്ഞു കൊണ്ട് കിച്ചു പറഞ്ഞു.
"ടാ ഉവ്വേ.. Beat Forest officer ആയിരുന്നു, കാടുളളടുത്ത് വച്ച്, അത്രേ ഉള്ള്.."
"അതെന്താ ഇവടെയൊന്നും കാടില്ലേ?"
"അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല.. "ചെറിയൊരു ഇടവേളയിട്ടു, കണ്ണൻ വീണ്ടും തുടർന്നു, "ടാ അതല്ല..ഇന്നലെ ഞാൻ എക്സാം എഴുതിയ ക്ലാസ് മുറിയിലെ ഭിത്തിയിലേ.. ഒരു എഴുത്ത് കണ്ടു. എൻ്റെ പൊന്നടാവ്വേ എന്ത് ഭംഗിയാന്നറിയുവോ ആ കൈയക്ഷരം..,ഷമീനാന്നാ എഴുതിയ കൊച്ചിൻ്റെ പേര്.. "
"അയ് ശരി, എന്തുവാ എഴുതിയേ.. ?", ബൂട്ട് കെട്ടി കൊണ്ട് കിച്ചു ചോദിച്ചു.
"അതെന്തോ ലവ് ക്വോട്ടാ..", ഒന്നാലോചിച്ച് കണ്ണൻ മറുപടി പറഞ്ഞു.
"കണ്ണൻ ചേട്ടന് ലവ് വീണാ?", ഫോണിൽ നിന്നും കണ്ണെടുത്ത് ഒരു ചിരിയാൽ രാകേഷ് ചോദിച്ചു.
"സത്യം", രാകേഷിനെ നോക്കി കണ്ണൻ പറഞ്ഞു.
"നിങ്ങൾക്ക് പെണ്ണിനെ കണ്ടു പിടിക്കണോ?",രാകേഷിനാവേശമായി.
"അതെങ്ങനെ പറ്റും?", കണ്ണനും വ്യഗ്രത കൂടി.
"ഇൻസ്റ്റായിൽ തപ്പാം.. ", രാകേഷ് തല തെല്ലൊന്ന് കുലുക്കി പറഞ്ഞു.
"അതെങ്ങനെ?" "ഷമീനാ വയനാടെന്നോ?", കണ്ണന് വിശ്വാസം വന്നില്ല.
"അതൊന്നും നടപടിയാവണ കേസല്ലന്നേ..",കിച്ചു ഇടപ്പെട്ടു.
"ഹാ! എന്നാലും കിണ്ണം കാച്ചിയ കൈയക്ഷരം.., നല്ല ആർട്ടിസ്റ്റിക്കായിട്ട് ", കണ്ണൻ വർണ്ണിച്ചു.
"അത് മറ്റേതാ... കാലിഗ്രഫി",കിച്ചു പറഞ്ഞു.
"അതെന്തോന്ന്?", രാകേഷ് ചോദിച്ചു.
"മറ്റേ മാപ്പ് വരയ്ക്കുന്നതല്ലേ.. ", കണ്ണൻ ഒന്നിട്ടു കൊടുത്തു.
"അത് കാർട്ടോഗ്രഫി, ഇതൊന്നുമറിയാണ്ടാണോ PSC ക്ക് പോണത്..",കിച്ചു, കണ്ണനെ പരിഹസിച്ചു.
"നീ അത് വിട്.. ആ സാധനം പഠിക്കാൻ വല്ല വഴിയുമുണ്ടോ?", കണ്ണൻ ചോദിച്ചു.
"എന്ത് കാലിഗ്രഫിയോ?", "അതൊന്നും നിങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടില്ലാ മനഷ്യനേ.. അയിന് സ്‌കിൽസ് വേണം, ഇങ്ങനെ ആർട്ടിസ്റ്റിക്ക് സ്കിൽസ് ", വായുവിൽ ചിത്രം വരച്ച് കിച്ചു അവർക്ക് കാണിച്ചു, "ഞാൻ പണ്ട് കുറച്ചു നാളത് പഠിക്കാൻ പോയിട്ടുള്ളതാ.."
"എന്നിട്ടോ?"
"വക്കേഷന് പോയതാ, പിന്നെ സ്കൂൾ തുറന്ന്, പോയിട്ടില്ല.."
"അല്ല അപ്പോ നിനക്ക് പറ്റൂച്ചാ, എനിക്കും പറ്റികൂടെ.."
"എനിക്ക് SKill ഉണ്ട്.. അല്ല എനിക്കറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ, നിങ്ങളീ സർക്കാരുദ്യോഗവും വാങ്ങിച്ച് ഓഫീസിൽ ഇരിക്കുമ്പോ ഇതൊക്കെ പഠിച്ചിട്ടെന്തിനാ?",കിച്ചു തൻ്റെ സംശയം ചോദിച്ചു.
"ഓഫീസിലിരിക്കുമ്പോ വല്ല കത്തെങ്ങാനും എഴുതാൻ പറഞ്ഞാൽ നല്ല ആർട്ടിസ്റ്റിക്കായിട്ട് എഴുതി കൊടുത്തൂടെ.."
"ആ പഷ്ട്...കണ്ണൻ ചേട്ടാ നിങ്ങടെ പ്രധാന പ്രശ്നമെന്താന്നറിയുവോ.. നിങ്ങളൊട്ടും അപ്ഡേറ്റടല്ലാ.. മനുഷ്യാ ഇപ്പോ എല്ലാം ഡിജിറ്റൽ അല്ലേ. കമ്പ്യൂട്ടറിൽ അടിച്ചു കൊടുത്താ മതി.. നിങ്ങളടെയീ കാക്ക ചിതറിയ അക്ഷരവും വച്ച് കാലിഗ്രഫി പഠിക്കാൻ പോന്നതിലും എളുപ്പവാ ആ കൊച്ചിനെ കണ്ടു പിടിക്കാൻ..", കളിക്കളത്തിലേയ്ക്കൊന്ന് നോക്കി കിച്ചു തുടർന്നു, " പ്രശോഭേട്ടനിറങ്ങിയെന്ന് തോന്നുന്നു, ഞാൻ കേറട്ട്.. ",കിച്ചു ഫോൺ മാറ്റി വച്ച് മൈതാനത്തിലേക്ക് പോയി.
കിച്ചു പറഞ്ഞത് കേട്ട് മനസ്സ് മടുത്ത്, കണ്ണൻ എണീറ്റു, "ഞാൻ പോവുവാടാ ഉവ്വേ.. " "നീ വരുന്നോ..?", രാകേഷിനോട് ചോദിച്ചു.
"ഹാ ഞാനും വരുന്നു.. " " നിങ്ങള് വെഷമിക്കേണ്ട, നമുക്ക് കൊച്ചിനെ തപ്പാം.., 'ഷമീനാ വയനാട് ' അല്ലേ.. ", "ഒരു ലൈം വാങ്ങി തരണേ...", പോകുന്ന വഴിയേ രാകേഷ് കണ്ണനോട് പറഞ്ഞു.
" പ്രശോഭേട്ടാ ഞാനിറങ്ങട്ടെ.." കൈ മുന്നോട്ടു കറക്കി കിച്ചു വിളിച്ചു ചോദിച്ചു.
"എൻ്റെ ടീമിലൊന്നും കേറണ്ടാ.. അങ്ങട് മാറി നിക്ക് നീ..", പ്രശോഭ് മറുപടി പറഞ്ഞു.
"ok!",കിച്ചു അതേ വേഗതയിൽ കൈ പിന്നോട്ടു കറക്കി പറഞ്ഞു.
"എന്തടാ കളിക്കുന്നില്ലേ?", അതു വഴി പാസ്സ് ചെയ്ത അനന്തു കിച്ചുവിനോടു ചോദിച്ചു.
" ആ ബോളിന് കാറ്റില്ലന്നേ.. ", "നീ എടേ പോണു?",കിച്ചു വിഷയം മാറ്റി.
"ഞാൻ..", പറഞ്ഞു മുഴുവിക്കുന്നതിനു മുന്നേ ബോൾ കിച്ചുവിൻ്റെ തലയ്ക്ക് ഒറ്റയടി.
കിച്ചു ബോധം കെട്ട് താഴെ വീണു. കളിക്കാർ ഓടിയണഞ്ഞു.
" കാറ്റില്ലെന്ന് പറഞ്ഞിട്ട്, അവൻ്റത് പോയോ?", അനന്തു കിച്ചുവിൻ്റെ മൂക്കിൽ വിരല് വച്ചു നോക്കി.
3
ഗ്ലാസിലെ ലൈമിൻ്റെ ആത്മാവും ഊറ്റിയിറക്കുന്ന ശബ്ദം രാകേഷിനെ അലോസരപ്പെടുത്തി.
"നിങ്ങളെന്താ തടിയറുക്കുന്നോ..?'', രാകേഷ് കണ്ണനോട് ചോദിച്ചു.
നിഷ്ക്കളങ്കമായ ഒരു നോട്ടത്തിലൂടെ മറുപടി കൊടുത്ത കണ്ണനോടു,രാകേഷ് വീണ്ടും തുടർന്നു, "കിച്ചു പറഞ്ഞത് ശരിയാട്ടോ, കണ്ണൻ ചേട്ടാ.. നിങ്ങടെ ലൈഫ് സ്റ്റൈൽസ് മൊത്തത്തിൽ പാളിയിരിക്കുവാ.., കുറച്ചൂടി വൃത്തിയായിട്ടും, മെനയായിട്ടുമൊക്കെ നടക്കണം, നിങ്ങളിങ്ങനൊക്കെ നടന്നാൽ girls ഒക്കെ എങ്ങനെ നോക്കാനാ.വൃത്തിയുള്ള കൈയക്ഷരം വേണേൽ നമ്മളും വൃത്തിയായി നടക്കണം, ഇപ്പോ ഷമീനയുടെ Writing nice ആണെങ്കിൽ ഷമീനയും nice ആയിരിക്കും, ഏത്... കുറച്ചു അടുക്കും ചിട്ടയുമൊക്കെ വേണം ചേട്ടാ...", "എത്രയായി ചേട്ടാ..?" അവസാന തുള്ളി ഒന്നു മൊത്തി കുടിച്ച് കാലി ഗ്ലാസ്സ് വച്ച് അകത്തേക്ക് ചോദിച്ചു.
" 40 " കടക്കാരൻ മറുപടി പറഞ്ഞു.
"കണ്ണൻ ചേട്ടാ അതൊന്ന് കൊടുത്തേക്കണേ.. നാളെ കാണാം..", രാകേഷ് അവിടെ നിന്നുമിറങ്ങി.
രാകേഷും കിച്ചുവും പറഞ്ഞത് ഓർത്ത് കണ്ണൻ ചിന്താമഗ്നായി അവിടെ നിന്നു.
4
കിച്ചു പറഞ്ഞത് ശരിയാണോ എന്നൊരു സംശയത്തിൽ താടി തടവി, കണ്ണാടി നോക്കി കണ്ണൻ കുറച്ചു നേരം നിന്നു. അടുക്കില്ലാതെ അലസമായി പല കാര്യങ്ങളും കിടക്കുന്ന കട്ടിലിനെ നോക്കി അവനൊന്ന് നെടുവീർപ്പിട്ടു. ഒടുവിൽ ഒരു തീരുമാനമെടുത്ത പോലെ അവൻ ഫോൺ എടുത്ത് കിച്ചുവിനെ വിളിയ്ക്കാൻ തുനിഞ്ഞു.
"ഹലോ.. ", മറുതലയ്ക്കലെ സ്ത്രീ ശബ്ദം അവനെയൊന്ന് സംശയാലുവാക്കി.
"കിച്ചുവില്ലേ...?"
"ഹാ! കണ്ണനാന്നോ, ഞാൻ കിച്ചുവിൻ്റെ അമ്മയാ, അവൻ കഞ്ഞി കുടിക്കുവാ മോനേ.. ബോളെങ്ങാണ്ട് തലയ്ക്ക് കൊണ്ടിട്ട് നാല് സ്റ്റിച്ചുണ്ട്.. "
"അയ്യോ, അതെപ്പോ പറ്റി.. "
"വൈകിട്ട് കളിയ്ക്കാൻ പോയപ്പോ ഒപ്പിച്ചോണ്ട് വന്നേക്കുവാ.. "
"അവനൊന്ന് കൊടുക്കാവോ.."
"ഹലോ?"
" എന്തോ പറ്റിയടാ.. നീ ബോൾ ഹെഡ് ചെയ്തോ..?"
"യേ.. ആ.. നിങ്ങള് വിളിച്ച കാര്യം പറ.. "
"ടാ, ഞാൻ തീരുമാനിച്ച്.. എനിക്കവളെ കണ്ടു പിടിക്കണ്ട, എനിക്ക് മറ്റേത് പഠിച്ചാ മതി.. കാലിഗ്രഫി, നീ എവിടാന്ന് പറ ഞാൻ പോയി അഡ്മിഷൻ എടുക്കാം.. "
"എൻ്റെ പൊന്ന് ചേട്ടാ..... പ്ലീസ്...."
അവൻ ഫോൺ കട്ട് ചെയ്തു.
അകാരണമായി ഫോൺ കട്ട് ചെയ്തതിൽ കണ്ണന് ദേഷ്യമല്ല അത്ഭുതമായിരുന്നു തോന്നിയത്. " ഹാ, നാളെ ചോയിക്കാം.., ആദ്യമിതൊക്കെ വൃത്തിയാക്കാം.. ", സ്വയം പറഞ്ഞ്, കണ്ണൻ കട്ടിലിലെ ഷീറ്റ് മാറ്റാനാഞ്ഞു.
5
ഹാളിലെ ക്ലോക്കിൽ 11.30 എന്നു കാണിച്ചു. കണ്ണൻ തിടുക്കത്തിൽ അമ്മയുടെ റൂമിലേക്ക് നടന്നു.ഇരുട്ടകറ്റി ലൈറ്റിൻ്റെ സ്വിച്ച് ഇട്ടു.
"അമ്മേ.., അമ്മേ.. ", ഉറക്കത്തിലായിരുന്ന അമ്മേനെ അവൻ വിളിച്ചുണർത്തി.
ആലസ്യത്തിൽ കണ്ണു തുറന്ന അമ്മയ്ക്കു തൻ്റെ കൈയ്യിലിരുന്ന ഉണ്ട നൂലും സൂചിയും കാണിച്ചു ,കണ്ണൻ ചോദിച്ചു, "അമ്മേടെയാണോ ഇത്.. എൻ്റെ റൂം വൃത്തിയാക്കിയപ്പോ കിട്ടിയതാ.."
എന്ത് പറയണമെന്നറിയാതെ ഇരുന്ന അമ്മയോട് അവൻ തുടർന്നു, "അമ്മയ്ക്കിതിനി വേണ്ടല്ലോ?"
"അതെന്താടാ നിൻ്റെ തള്ള ചത്തോ? അതോ നീ എന്നെ കൊല്ലാൻ പോവാണോടാ കാലാ..?"
ഒന്നും പറയാതെ അവൻ അവിടെ കുറച്ചു നേരമിരുന്നു.അമ്മയുടെ തുറിച്ചു നോട്ടം തീരുന്നില്ലാന്ന് മനസ്സിലാക്കി, അവൻ അവിടെ നിന്നുമെണീറ്റു, ലൈറ്റ് ഓഫ് ചെയ്തു.വാതിലും ചാരി ഇറങ്ങി ..
6
തലേന്ന് എടുത്തു വച്ച ബെഡ്ഷീറ്റും, തുണികളും കണ്ണൻ അലക്കി. അവൻ്റെ ചേതികളെല്ലാം അമ്മ കൗതുകത്തോടെ നോക്കി നിന്നു.
വായുവിൽ എഴുതി കൈ ചുഴറ്റി അടുക്കളയിലേക്ക് കയറി വന്ന കണ്ണനോട് അമ്മ ചോദിച്ചു,"അമ്മേടെ പൊന്നുമോന് ചുരം കേറിയപ്പഴോ, ഇറങ്ങിയപ്പഴോ, എന്തേലും പറ്റിയോ?"
"എന്താമ്മേ...?", അവനു ജിജ്ഞാസ അടക്കാനായില്ല.
"പിന്നെ ഞാനെന്തുവായീ കാണുന്നേ..?"
"ജീവിതത്തിൽ കുറച്ച് അടുക്കും ചിട്ടയുമാകാമെന്ന് കരുതി..''
''നല്ല കാര്യം., പെട്ടെന്ന് നിനക്കെങ്ങനെ ബോധോദയം ഉണ്ടായി?", അമ്മ ചോദിച്ചു.
"അത്.. അത്..", അവൻ മടിച്ചു മടിച്ചു പറഞ്ഞു,"ഞാൻ പരീക്ഷയെഴുതാൻ പോയ ഹാളിലെ ഭിത്തിയിലെ.., ഒരു പെൺകൊച്ച് അടിപൊളി കൈയ്യക്ഷരത്തില് കുറച്ചു കാര്യങ്ങൾ എഴുതി വച്ച്, എൻ്റെ മനസ്സീന്നാണേൽ അത് പോന്നുമില്ല, പരീക്ഷയെഴുതി കൊണ്ടിരുന്നപ്പോഴൊക്കെ ഫുൾ അതായിരുന്നു , ഷമീനാന്നാ കൊച്ചിൻ്റെ പേര്.. ", അമ്മയുടെ പ്രസന്നത അപ്രത്യക്ഷമാകുന്നത് മനസ്സിലാക്കി അവൻ സംസാരം നിർത്തി.
" അപ്പോ ഈ പരീക്ഷയും പോക്കാ.. ", അമ്മയുടെ മുഖഭാവം മാറികൊണ്ടിരുന്നു, "കണ്ട പെണ്ണുങ്ങളൊക്കെ എഴുതുന്നതും, പറയുന്നതുമൊക്കെ നോക്കി വെള്ളമിറക്കി കൊണ്ടിരി..എത്ര പരീക്ഷ നീ എഴുതി, ഒരെണ്ണത്തിലെങ്കിലും ലിസ്റ്റിൽ വീണിട്ടുണ്ടോ.. കൂടെയുള്ളവന്മാരോക്കെ കുടുംബം നോക്കുമ്പോ നീ തെക്കുവടക്ക് നോക്കി നടക്ക്.. അവൻ അടുക്കും ചിട്ടയും ഉണ്ടാക്കാൻ പോയേക്കുന്ന്.. ജോലിയും കൂലിയുമില്ലാത്തവന് ഇപ്പോ കിട്ടും പെണ്ണ്., അതല്ല..ഇനി ഞാൻ കണ്ട മേത്തച്ചിയ്ക്കും മാപ്ലച്ചിക്കും കൂടി ചിലവിന് തരാം., നീ അവളടെ സാരിയും പാവാടയും അലക്കി അടുക്കി വയ്ക്ക്.. ത്ഫൂ.. നാണമില്ലാത്ത പരനാറി.. ", അമ്മ ഉറഞ്ഞു തുള്ളി.
"നിങ്ങളെന്തോ അറിഞ്ഞിട്ടാ തള്ളേ തുള്ളുന്നേ... ഇതിനോടൊക്കെ പറയാൻ പോയ എന്നെ വേണം തല്ലാൻ..", അവൻ ദേഷ്യം കൊണ്ട് അലറി.
"നീ പറയണ്ടടാ.., ഒന്നും പറയണ്ട..,10- 30 വയസ്സാവാറായി അവൻ വന്നേക്കുന്നു പാവാട അലക്കാൻ.."
" നിങ്ങളോട്... ", പറഞ്ഞു മുഴുവിക്കുന്നതിനു മുന്നേ കുക്കർ വിസ്സിലടിച്ചു. അവൻ അവിടെ വച്ച് നിർത്തി. ദേഷ്യം കടിച്ചു പിടിച്ച് മുന്നിലുണ്ടായിരുന്ന ഒരു ബക്കറ്റും തൊഴിച്ചു പുറത്തേക്ക് പോയി. അവൻ പോകുന്നതും നോക്കി നിന്ന അമ്മയ്ക്കരികിലായി കുക്കർ മൂന്നാമതും വിസ്സിലടിച്ചു.
തുടരും...
Comments
Post a Comment